മേയറെ കാണാനെത്തിയ ട്രാൻസ്ജെൻഡർ വാഹനത്തിന്റെ ചില്ല് തകർത്തു

കൊല്ലം കോർപറേഷൻ മേയറെ കാണണമെന്ന ആവശ്യവുമായി എത്തിയ ട്രാൻസ്ജെൻഡർ ഔദ്യോഗിക വാഹനത്തിന്റെ ചില്ല് കല്ലു കൊണ്ട് ഇടിച്ചു തകർത്തു. കോർപറേഷൻ ഓഫിസ് വളപ്പിൽ വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. മേയർ വി.രാജേന്ദ്രബാബുവിനെ കാണണമെന്ന ആവശ്യവുമായാണ് എത്തിയത്. മേയർ യോഗത്തിലാണെന്നും കാത്തു നിൽക്കാനും ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ ചേംബറിലേക്കു പോകാനൊരുങ്ങിയപ്പോൾ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. 

തുടർന്നായിരുന്നു അതിക്രമം. കയ്യിൽ കരുതിയിരുന്ന കല്ലുപയോഗിച്ച് മേയറുടെ കാറിന്റെ പിൻഭാഗത്തെ ചില്ല് ഇടിച്ചു തകർക്കുകയായിരുന്നു, ഉടൻ സെക്യൂരിറ്റി ജീവനക്കാരൻ അക്രമിയെ കീഴ്‌പ്പെടുത്തുകയും പൊലീസിനെ വിളിച്ചു വരുത്തി കൈമാറുകയും ചെയ്തു.

ആൾക്കാർ തടിച്ചു കൂടിയതോടെ താൻ എച്ച്ഐവി ബാധിതനാണെന്നും കയ്യിൽ പിടിക്കരുതെന്നും അക്രമി പറഞ്ഞു. തുടർന്നു മേയർ വി.രാജേന്ദ്രബാബു കലക്ടറെ ഫോണിൽ ബന്ധപ്പെട്ട് എയ്ഡ്സ് കൺട്രോൾ സെല്ലിലേക്കു മാറ്റാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാൻ കലക്ടർ പൊലീസിനു നിർദേശം നൽകി. 

കഴിഞ്ഞ ദിവസം രാത്രി കൊല്ലം എആർ ക്യാംപിനു സമീപം അജ്ഞാത സംഘം ആക്രമിച്ചു പരുക്കേൽപ്പിച്ചതിനെതുടർന്ന് ഈ ട്രാൻസ്ജെൻഡർ ജില്ലാ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയിൽ എത്തി തലയിലെ മുറിവിനു  ചികിത്സ തേടിയിരുന്നെന്ന് കോ ഓർഡിനേറ്റർ ഡോക്ടർ സന്തോഷ്‌കുമാർ പറഞ്ഞു.