വിവാഹമോചനം തേടിയ ഭാര്യയെ ബാത്ടബ്ബിൽ മുക്കിക്കൊന്നു; ഇന്ത്യൻ വംശജൻ കുറ്റക്കാരൻ

വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയെ ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തി. ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് കോടതി.  അവതാര്‍ ഗ്രേവാള്‍ എന്ന 44–കാരനാണ് ഭാര്യയായ നവനീത് കൗറിനെ കൊലപ്പെടുത്തിയതിന്‍റെ പേരില്‍ നിയമ നടപടി നേരിടുന്നത്. 

2007–ല്‍ അരിസോണയിലാണ് സംഭവം നടന്നത്. വിവാഹശേഷം അകന്നു കഴിയുകയായിരുന്ന ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. നവനീത് കൗറിന്റെ വീട്ടില്‍ വെച്ചാണ് ക്രൂരത നടന്നത്.

2005–ല്‍ ആണ് അവതാര്‍ ഗ്രേവാളും നവനീത് കൗറും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും നല്ല ബന്ധത്തിലായിരുന്നില്ല. അവതാര്‍ കാനഡയിലും നവനീത് കൗര്‍ അമേരിക്കയിലുമായിരുന്ന താമസിച്ചിരുന്നത്. ഇതിനിടെ നവനീത് കൗര്‍ തനിക്ക് വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അവതാര്‍ ഗ്രേവാള്‍ സമ്മതിച്ചില്ല.

നേരില്‍ സംസാരിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പിന്‍മേല്‍ അവതാര്‍ അമേരിക്കയിലുള്ള നവനീതിന്റെ വീട്ടിലെത്തി. എന്നാല്‍ വിവാഹമോചനം വേണമെന്ന ആവശ്യത്തില്‍ത്തന്നെ നവനീത് കൗര്‍ ഉറച്ചുനിന്നതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. തനിക്ക് വേറെ ബന്ധമുണ്ടെന്ന് നവനീത് പറഞ്ഞത് അവതാറിനെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള കൈയ്യാങ്കളി. ഇതിനിടയിൽ നവനീതിനെ ബലമായി പിടിച്ച് ബാത്റൂമിലേക്ക് കൊണ്ടുപോകുകയും ബാത് ടബ്ബിൽ മുക്കി കൊല്ലുകയുമായിരുന്നു. 

എന്നാൽ ഇത് മുൻകൂട്ടി തീരുമാനിച്ച കൊലപാതകമല്ലെന്നും അടിപിടിക്കിടയിൽ സംഭവിച്ചുപോയതാണെന്നുമാണ് പ്രതിഭാഗം വാദിച്ചത്. പക്ഷേ അവതാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഈ മാസം 23–ന് ശിക്ഷ വിധിക്കും.