കൊച്ചിയിൽ എച്ച്ഐവി പകരാൻ കാരണം ഈ ലഹരിമരുന്ന്

കളമശേരിയിൽ എക്സൈസിന്റെ വൻ ലഹരിമരുന്നു വേട്ട. എച്ച്ഐവി ബാധയ്ക്കു വഴിമരുന്നിടുന്ന കൊച്ചിൻ എയ്ഡ്സ് കരിയർ ബൂപ്രെനോർഫിൻ ആംപ്യൂളുകളും നൈട്രാസെപാം ഗുളികകളുമായി ഒരാൾ പിടിയിൽ.  ഇടപ്പള്ളി ചളിക്കവട്ടം അരിമ്പൂർ വീട്ടിൽ സിബിയാണു(38) പിടിയിലായത്. കൊച്ചിയിലെ എച്ച്ഐവി ബാധിതരായ യുവാക്കളിൽ നല്ലൊരു പങ്കിനും രോഗം പകർന്നു കിട്ടിയത് ഒരേ സിറിഞ്ച് ഉപയോഗിച്ചു പലരിൽ ബൂപ്രെനോർഫിൻ  കുത്തിവച്ചതു മൂലമാണെന്നു കണ്ടെത്തിയിരുന്നു. 

വരാപ്പുഴ എക്സൈസ് സെപഷൽ സ്ക്വാഡ് കളമശ്ശേരി മഞ്ഞുമ്മൽ ഭാഗത്തു നടത്തിയ റെയ്ഡിലാണു പ്രതി കുടുങ്ങിയത്. ബൂപ്രെനോർഫിന്നിന്റെ 6 ആംപ്യൂളുകളും 150 നൈട്രാസെപാം ഗുളികകളും ഇയാളിൽനിന്നു പിടിച്ചെടുത്തു. ബൂപ്രെനോർഫിൻ ഉപയോഗിച്ചിരുന്നവരിൽ ഭൂരിഭാഗവും ഇപ്പോൾ എച്ച്ഐവി ബാധിതരാണെന്ന് എക്സൈസ് പറയുന്നു. 

ആലുവ, കൊടികുത്തിമല ഭാഗത്തുള്ള ഏതാനും യുവാക്കളുമായി ചേർന്നാണു പ്രതി ലഹരിമരുന്നു വിൽപന നടത്തിയിരുന്നത്. വരാപ്പുഴ, കൂനമ്മാവ്, കൊങ്ങേർപ്പള്ളി ഭാഗങ്ങളിലുള്ള യുവാക്കൾക്കും വിദ്യാർഥികൾക്കും ഈ സംഘം ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്നും ലഹരി, ക്രിമിനൽ കേസുകളിൽ പ്രതിയായ തൈക്കൂടം ഭാഗത്തു താമസിക്കുന്ന ഒരു യുവാവു കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നു സംശയിക്കുന്നതായും എക്സൈസ് അധികൃതർ അറിയിച്ചു. ഒരിടവേളയ്ക്കു ശേഷമാണ് കൊച്ചിയിൽ വീണ്ടും ലഹരിമരുന്ന് ആംപ്യൂൾ പിടിച്ചെടുക്കുന്നത്. മുൻപ് ഡൽഹിയിൽ നിന്നു യഥേഷ്ടം ആംപ്യൂളുകൾ കേരളത്തിലേക്കു കടത്തിയിരുന്നു

എന്നാൽ കർശന നിയന്ത്രണങ്ങൾ വന്നതോടെ കടത്തു നിലച്ചിരുന്നു. ഒരു ആംപ്യൂൾ കൈവശം വച്ചാൽപ്പോലും 10 വർഷം വരെ ശിക്ഷ ലഭിക്കാമെന്നതും ആംപ്യൂൾ ഉപയോഗം കുറയാൻ കാരണമായി. എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് ടോപ് നാർകോട്ടിക് സീക്രട്ട് ഗ്രൂപ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. സുരേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി.ശ്രീരാജ്, പ്രിവന്റിവ് ഓഫിസർ കെ.ആർ.രാം പ്രസാദ്, സിഇഒമാരായ എം.എം. അരുൺകുമാർ, വിപിൻദാസ്, രഞ്ചു എൽദോ തോമസ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.