ഉറ്റവരില്ല, തുണയില്ല, ഇപ്പോൾ പെൻഷനുമില്ല; ദുരിതക്കയത്തിൽ എണ്ണായിരത്തോളം പേർ

എച്ച്.ഐ.വി ബാധിതരുടെ പെന്‍ഷന്‍ മുടങ്ങി. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ പത്തൊന്‍പത് മാസത്തെ പെന്‍ഷന്‍ കുടിശിക കൂടിയായതോടെ പട്ടിണിയിലാണ് എണ്ണായിരത്തോളം എച്ച്.ഐ.വി. ബാധിതര്‍. കോവിഡ്ബാധയുണ്ടായാല്‍ ആരോഗ്യസ്ഥിതി ഗുരുതരമാകുമെന്നതിനാല്‍ മറ്റ് ജോലികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍.

ആയിരം രൂപ , ചെറിയ തുകയെങ്കിലും ഇവർക്കത് വലിയ ആശ്വാസമായിരുന്നു. കഠിനമായ ജോലികളൊന്നും സാധിക്കാത്ത ഇവരിൽ പലരും ദിവസ വേതനത്തിന് ജോലി ചെയ്തിരുന്നവരാണ്. മരുന്നിനുൾപ്പെടെ വലിയ തുക കണ്ടെത്തണം. വൈറസ് ബാധയേൽക്കുമോ എന്ന ഭീതി വേറെ . പ്രതിരോധ ശേഷി കുറഞ്ഞ ഇവർക്ക് രോഗബാധ നിയന്ത്രണ വിധേയമാകാതെ പുറത്തിറങ്ങാൻ പോലുമാകില്ല. എച്ച് ഐ വി ബാധിച്ചതിൽ പിന്നെ പലർക്കും ഉറ്റവരും തുണയില്ല. മേയ്മാസത്തില്‍ ഇവര്‍ക്ക് അഞ്ചുമാസത്തെ കുടിശിക നല്കിയിരുന്നു. പക്ഷേ അതുകൊണ്ട് ഒന്നുമാകുന്നില്ലെന്ന് പറയുന്നിവര്‍. 

8000 പേരാണ് പെൻഷന് അർഹതയുള്ളവർ . സംസ്ഥാന സർക്കാർ നൽകുന്ന തുക എയ്ഡ്സ് കൺട്രോള്‍ സൊസൈറ്റിയാണ്  വിതരണം ചെയ്യുന്നത്. ഒരു മാസത്തെ പെൻഷൻ നല്കാൻ പോലും 80 ലക്ഷം രൂപ കണ്ടെത്തേണ്ടിവരും. പുറത്തിറങ്ങാതെ സൂക്ഷിക്കണമെന്ന് പറയുന്ന സർക്കാരിന് ഇവരെങ്ങനെ പട്ടിണി മാറ്റുമെന്ന് കൂടി പറയാൻ ബാധ്യതയുണ്ട്.