പെന്‍ഷന്‍ വെട്ടിക്കുറച്ചിട്ട് 7 വര്‍ഷം; ദുരിതത്തിൽ എൻഡോസൾഫാൻ ബാധിതർ

ദയാബായിയുടെ സമരം അനിശ്ചിതമായി തുടരുമ്പോഴും ഏഴുവര്‍ഷം മുമ്പ് പെന്‍ഷന്‍ വെട്ടിക്കുറച്ചതിന്റെ കാരണം തേടി അലയുകയാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. അഞ്ഞൂറ് രൂപ മുതല്‍ ആയിരം രൂപ വരെയാണ് പെന്‍ഷനില്‍ നിന്ന് വെട്ടിക്കുറച്ചത്. എന്നാല്‍ കാരണം കാണിച്ചുള്ള  ഉത്തരവ് നല്‍കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ കിടപ്പുരോഗികള്‍ക്ക് 2200 രൂപയും മറ്റുള്ളവര്‍ക്ക് 1000 രൂപയുമായിരുന്നു പെന്‍ഷന്‍. 2011ല്‍ നല്‍കി തുടങ്ങിയ പെന്‍ഷന്‍ 2015ല്‍ വെട്ടികുറച്ചു. പിന്നീട് 2200 രൂപ ലഭിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും 1700 രൂപയോ അതില്‍ കുറവോ മാത്രമാണ്  ഇപ്പോള്‍ ലഭിക്കുന്നത്.

ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ പട്ടികയിലുള്‍പ്പെട്ടതിനാലാണ് തുക വെട്ടികുറച്ചതെന്നാണ് അധികൃതര്‍ വാക്കാല്‍ നല്‍കുന്ന വിശദീകരണം. നടപടി എന്‍ഡോസള്‍ഫാന്‍ സെല്ലും ഇതുവരെ അറിഞ്ഞിട്ടില്ല. ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിനായി ദുരിതബാധിതര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലം ഉണ്ടായില്ല. അയ്യായിരത്തിലധികം കുടുംബങ്ങളാണ് പെന്‍ഷന്‍ തുകയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത്. എന്നാല്‍ പെന്‍ഷന്‍ തുക വെട്ടികുറച്ചതോടെ അവരുടെയെല്ലാം ജീവിതം വഴിമുട്ടിയ അവ്സ്ഥയിലാണ്.

It has been seven years since the pension of endosulfan victims was cut