എച്ച്ഐവിയുടെ അതിമാരക വകഭേദം; വ്യാപനം അതിവേഗം; മുന്നറിയിപ്പ്; പഠനം

എച്ച്ഐവി വൈറസിന്റെ അതിമാരക വകഭേദം നെതർലൻഡ്സിൽ പതിറ്റാണ്ടുകളായി പകരുന്നുവെന്ന് കണ്ടെത്തി ഗവേഷകർ. ഒരു വ്യക്തിയുടെ രക്തത്തിലെ വൈറൽ കണങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും അവരിൽ നിന്ന് വൈറസ് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വകഭേദമെന്നാണ് കണ്ടെത്തൽ. രോഗബാധിതരായ 100–ലധികം ആളുകളിൽ നടത്തിയ വിശദമായ പഠനത്തിന്റെ റിപ്പോർട്ടാണിത്. വി ബി വകഭേദം എന്നറിയപ്പെടുന്ന ഈ പുതിയ വകഭേദം ഇതുവരെ 109 പേരെ ബാധിച്ചിട്ടുണ്ടെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിൽ വ്യക്തമാകുന്നു

എച്ച്‌ഐവി വൈറസിന്റെ മറ്റ് വകഭേദങ്ങൾ ബാധിച്ചവരേക്കാൾ വളരെ വേഗത്തിൽ അത് എയ്ഡ്‌സായി വികസിക്കാനുള്ള കഴിവും ഇപ്പോൾ കണ്ടെത്തിയതിനുണ്ട്. രോഗപ്രതിരോധ കോശങ്ങളെ ഇത് കുറയ്ക്കുന്നു. ഈ വകഭേദത്തിന്റെ വൈറല്‍ ലോ‍‍ഡും പഴയതിനെക്കാൾ കൂടുതലാണ്. 3.5 മുതൽ 5.5 വരെയാണ് ഇത്. വൈറസ് ബാധിച്ച വ്യക്തിക്ക് വളരെ വേഗം തന്നെ മറ്റൊരാളിലേക്ക് പകർന്ന് നൽകാൻ കഴിയും. എന്നാൽ ചികിൽസ ആരംഭിച്ചാൽ പ്രതിരോധ ശേഷി വർദ്ധിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മറ്റ് വകഭേദത്തോട് സമാനമായിരിക്കുമെന്നും ഗവേഷകർ പറയുന്നു. നേരത്തെ തന്നെ ഈ വൈറസിന്റെ ബാധ കണ്ടെത്തേണ്ടതുണ്ടെന്നും പഠനം പറയുന്നു. 

പുതിയ ഇനം ബാധിച്ചുകഴിഞ്ഞാൽ വളരെ വേഗത്തിൽ തന്നെ അത് മനുഷ്യന്റെ സ്വാഭാവിക പ്രതിരോധശേഷിയെ ദുർബലപ്പെടുത്തും. സാധാരണ ജീവിതത്തിന്റെ ഭാഗമായ, ജലദോഷം പോലുള്ള അണുബാധകൾ പോലും പ്രതിരോധിക്കാൻ പിന്നീട് മനുഷ്യ ശരീരത്തിനു കഴിയില്ല. അതായത്, ഈ പുതിയ വകഭേദം ബാധിച്ച വ്യക്തിക്ക്, പഴയ വകഭേദം ബാധിക്കുന്നതിലും വേഗത്തിൽ എയ്ഡ്സ് എന്ന രോഗാവസ്ഥയിലേക്ക് കടക്കേണ്ടതായി വരുമെന്നും പഠനത്തിൽ‌ പറയുന്നു.