28 ദിവസം പ്രായമുള്ള എയ്ഡ്സ് ബാധിത; പത്തോളം കുടുംബങ്ങൾ നിരസിച്ചു; ഏറ്റെടുത്ത് ഗേ ദമ്പതികൾ

ദത്തെടുക്കാനെത്തിയ പത്തോളം ദമ്പതികൾക്കും അവളെ വേണ്ട. ആ കുഞ്ഞിനെ നോക്കി സഹതപിച്ച് അവരെല്ലാം മടങ്ങി. 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഒലിവിയ എയ്ഡ്‌സ് ബാധിതയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അവളെ സ്വീകരിക്കാൻ ആരും തയാറാകാതിരുന്നത്. അപ്പോഴാണ് വിധി പോലെ അവളെ കൈനീട്ടി സ്വീകരിക്കാൻ ഇൗ ദമ്പതികളെത്തിയത്. ദാമിയൻ ഫിഗിനും ഏരിയൽ വിജാരയും എന്ന ഗേ ദമ്പതികൾ. അർജന്റീനയിലെ സാന്റ ഫെയിൽ നിന്നുള്ള ദമ്പതികളാണ് ഇവർ. 

28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഒലിവിയ എന്ന കുഞ്ഞ് മാതാപിതാക്കളെ തേടുന്നു എന്ന വാർത്തയാണ് ഇവരെ കുഞ്ഞിന്റെ അടുത്തെത്തിച്ചത്. വാർത്തയറിഞ്ഞ സാന്റ ഫെയിലെ ഗേ ദമ്പതികൾ ദാമിയൻ ഫിഗിനും ഏരിയൽ വിജാരയും ഒലിവിയയെ ദത്തെടുക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ളപ്പോഴാണ് ഒലിവിയയെ ഇവർ ദത്തെടുക്കുന്നത്. കുഞ്ഞിന് എച്ച്ഐവി ബാധയുണ്ടെന്ന് അറിഞ്ഞ് പലരും മുഖം തിരിച്ച ശേഷമാണ് ഇരുവരും എത്തുന്നത്. യാതൊരു ബുദ്ധിമുട്ടും കൂടാതെ അവളെ അവർ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.

അക്യുനാർ ഫാമിലിയാസ് എന്ന എൻജിഒയുടെ പ്രവർത്തകരാണ് ഏരിയലും ദാമിയനും. ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട കുരുന്നുകളെ ദത്തെടുക്കാൻ സഹായിക്കുന്ന സംഘടനയാണ് ഇത്. ഒലിവിയയെ ഇരുവരും പരിചരിച്ച് തുടങ്ങിയത് മുതൽ നല്ല മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. മരുന്നുകളോട് പ്രതികരിക്കുകയും അണ്ടർവെയ്റ്റ് അയിരുന്ന ഒലിവിയയുടെ ഭാരം വർധിക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് ഒലിവിയയ്ക്ക് അഞ്ച് വയസാണ് പ്രായം. എയ്ഡ്‌സ് ഭേദമാക്കാൻ സാധിക്കാത്ത അസുഖമാണെങ്കിലും ഇന്ന് ഒലിവിയയുടെ ശരീരത്തിൽ എച്ചഐവി വൈറസ് പ്രകടമായി കാണാൻ സാധിക്കുന്നിലെന്നത് പ്രതീക്ഷ നൽകുന്നു.