ഭാര്യക്ക് എയ്ഡ്സ്; സമ്മർദം താങ്ങാനായില്ല; കഴുത്തറുത്ത് കൊന്ന് ഭർത്താവ്; കീഴടങ്ങി

ഇന്ന് ലോക എച്ച്ഐവി ദിനമാണ്. എയ്ഡ്സിനെക്കുറിച്ചും അത് പകരുന്നതിനെക്കുറിച്ചും ഇന്നും നാം ബോധവൽക്കരണം നേടിയോ എന്നിതിൽ സംശയങ്ങളുയരുന്നു. എച്ച്ഐവി പോസിറ്റീവായ ഭാര്യയെ നിഷ്ക്രൂരം കൊലപ്പെടുത്തിയെന്ന വാർത്തയാണ് കർണാടകയിൽ നിന്ന് കേൾക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രതി പൊലീസിന് മുമ്പിൽ കീഴടങ്ങി.

നവീൻ എന്ന 40–കാരനാണ് ഭാര്യയുടെ കഴുത്തിൽ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. വെട്ടേറ്റയുടൻ അവർ മരിച്ചു. മരിച്ച സ്ത്രീയുടെ രണ്ടാം ഭർത്താവാണ് നവീൻ. നവീന്റെ ആദ്യ വിവാഹമായിരുന്നു. 9 വർഷങ്ങളായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. രണ്ട് പെൺകുട്ടികളും ഇവർക്കുണ്ട്. എന്നാൽ 4 വർഷം മുമ്പ് ഭാര്യക്ക് എച്ച്ഐവി പോസിറ്റീവാകുകയായിരുന്നു. പിന്നീട് ഇരുവരുടെ ബന്ധത്തിൽ വിള്ളലുണ്ടായി. 

സമ്മർദം താങ്ങാൻ കഴിയാതെ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നവീൻ പൊലീസിൽ കീഴടങ്ങിയപ്പോൾ പറഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.