സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ വിജിലൻസ് റെയ്ഡ്; വ്യാപക ക്രമക്കേട്

സംസ്ഥാനത്തെ സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ആലപ്പുഴ ലജ്നത്തുള്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന്  കണക്കില്‍പ്പെടാത്ത മൂന്നുലക്ഷത്തി പതിനേഴായിരം  രൂപ കണ്ടെടുത്തു. 

ചേര്‍ത്തല മുട്ടം ഹോളി ഫാമിലി സ്കൂള്‍, തിരുവല്ലം വി.എന്‍.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ പ്രവേശനത്തിനായി അനധികൃതമായി പി.ടി.എ ഫണ്ട്, ബില്‍ഡിങ് ഫണ്ട് എന്നിവ പിരിച്ചെടുത്തുവെന്നു കണ്ടെത്തിയിട്ടുണ്ട്. ചേര്‍ത്തലയുള്‍പ്പെടെയുള്ള ഡി.ഇ.ഒ ഓഫിസുകളില്‍ അണ്‍ എയിഡഡ് സ്കൂളുകള്‍ക്ക് 2017 മുതല്‍  അംഗീകാരത്തിനു സമര്‍പ്പിച്ച അപേക്ഷകളില്‍ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. 

ഓപറേഷന്‍ ഈഗിള്‍ വാച്ച് എന്ന പേരിലാണ് വിജിലന്‍സ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്. പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ നടപടി ശുപാര്‍ശയോടെ വിദ്യാഭ്യാസ വകുപ്പിനു കൈമാറാനാണ് വിജിലന്‍സ് തീരുമാനം. എന്നാല്‍ വിജിലന്‍സ് കണ്ടെടുത്തത് കണക്കില്‍പെടാത്ത പണല്ലെന്നും തിരക്ക് മൂലം രസീതുകള്‍ എഴുതി പൂര്‍ത്തിയാക്കാത്തതാണെന്നും ആലപ്പുഴ ലജ്നത്തുള്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി  സ്കൂളില്‍ മാനേജ്മെന്റ് അറിയിച്ചു.