5 വർഷത്തിനിടെ അഞ്ചിരട്ടി സമ്പാദ്യം; ഉദ്യോഗസ്ഥ ദമ്പതികൾക്ക് കുരുക്ക്

അഞ്ചു വർഷത്തിനിടെ വരുമാനത്തിന്റെ അഞ്ചിരട്ടി സമ്പാദിച്ച ജിയോളജി വകുപ്പിലെ ദമ്പതികളായ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ അന്വേഷണത്തിനു വിജിലൻസ്. മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പിലെ ദക്ഷിണ മേഘല സ്ക്വാഡിന്റെ ചുമതലയുള്ള ജിയോളജിസ്റ്റ് എസ്.ശ്രീജിത്ത്, ഭാര്യയും ജിയോളജിസ്റ്റുമായ എസ്.ആർ.ഗീത എന്നിവർക്കെതിരെയാണ് അന്വേഷണം. അഞ്ചു വർഷത്തിനിടെ മാത്രം ഇവർ അധികം സമ്പാദിച്ചത് 1കോടി 32 ലക്ഷം രൂപയെന്നു വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 

ഇരുവരുടേയും അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ചുള്ള പരാതി കിട്ടിയെങ്കിലും വിജിലൻസ് അന്വേഷിച്ചത് 2014 മുതൽ 2019 വരെയുള്ള കാലയളവിലെ സമ്പാദ്യം മാത്രമാണ്. പത്തനംതിട്ടയിൽ ജോലി ചെയ്ത ഇക്കാലയളവിൽ മാത്രം ഒന്നരക്കോടിയുടെ അധിക സമ്പാദ്യമാണ് ഇവരുടെ പേരിൽ ഉള്ളത്. ഇരുവരും ബെനാമി പേരിലും സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നു വിജിലൻസിനു സൂചന ലഭിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും നിരീക്ഷണ വലയത്തിലാണ്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് വിജിലൻസ് തീരുമാനം. 2002ൽ സർവീസിൽ കയറിയ ഇവർ ക്വാറി, മണൽ ഇടപാടുകാരിൽ നിന്നും പണം വാങ്ങിയത് റോഡരികിൽ വാഹനങ്ങളിലിരിക്കുന്ന പ്രത്യേക ആൾക്കാർ വഴിയായിരുന്നു. വിജിലൻസ് കൈമാറിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം എസ്.ശ്രീജിത്ത്, എസ്.ആർ.ഗീത എന്നിവരെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ഇവരെക്കുറിച്ച് നിരവധി പരാതികൾ വിജിലൻസിനു ലഭിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റിന്റെ അന്വേഷണം.

Vigilance for further investigation against Geology department couple who earned five times their income in five years