ഭക്ഷ്യമന്ത്രിയോട് തര്‍ക്കിച്ച വട്ടപ്പാറ സി.ഐക്ക് സ്ഥലംമാറ്റം

സിഐ ഗിരിലാൽ, ഭക്ഷ്യമന്ത്രി ജി.ആര്‍.അനിൽ

ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലിനോട് തര്‍ക്കിച്ച സി.ഐ യെ സ്ഥലംമാറ്റി. തിരുവനന്തപുരം വട്ടപ്പാറ എസ്.എച്ച്.ഒ ഗിരിലാലിനെയാണ് വിജിലന്‍സിലേക്ക് മാറ്റിയത്. സ്ത്രീ പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട്‌ സ്റ്റേഷനിൽ ലഭിച്ച പരാതിയില്‍ നടപടി ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ ന്യായം നോക്കി ഇടപെടാമെന്ന ഇന്‍സ്പെക്ടറുടെ ഉറപ്പാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മന്ത്രിയുമായുള്ള തര്‍ക്കത്തിന് പിന്നാലെ ഗിരിലാലിനെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റി.

ഏഴ് വയസുള്ള കുട്ടിയെ രണ്ടാനച്ഛന്‍ ഉപദ്രവിച്ചെന്ന് ആരോപിച്ച് അമ്മ നല്‍കിയ പരാതിയില്‍ വേഗത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി ഇന്‍സ്പെക്ടര്‍ ഗിരിലാലിനെ വിളിച്ചത്. മാന്യമായി സംസാരിച്ച സി.ഐ ന്യായം നോക്കി കൈകാര്യം ചെയ്യാമെന്ന് ഉറപ്പും നല്‍കി. പക്ഷെ മന്ത്രിക്ക് അത് ഇഷ്ടപ്പെട്ടില്ല. മര്യാദകേടാണ് കാണിച്ചതെന്ന് പറഞ്ഞ് മന്ത്രി തട്ടിക്കയറിയതോടെ ഗിരിലാലും അതേ രീതിയില്‍ തിരിച്ചടിച്ചു.

വാക്കേറ്റത്തിന് പിന്നാലെ മന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപറഞ്ഞു. അങ്ങിനെ 24 മണിക്കൂര്‍ കഴിയും മുന്‍പ് പൊലീസില്‍ നിന്ന് തന്നെ തെറിപ്പിച്ച് വിജിലന്‍സിലേക്കൊതുക്കി. മന്ത്രി വിളിച്ചത് പ്രതിക്ക് വേണ്ടിയല്ലന്നും പരിഗണന കിട്ടേണ്ട പരാതിക്കാരിക്ക് േവണ്ടിയാണെന്നും അതിനാല്‍ തട്ടിക്കയറിയ ഗിരിലാലിന്റെ നടപടി തെറ്റെന്നുമാണ് ശിക്ഷയ്ക്കുള്ള കാരണമായി ഉന്നതര്‍ ന്യായീകരിക്കുന്നത്. പക്ഷെ ന്യായം നോക്കി ചെയ്യാമെന്നുള്ള മറുപടി എങ്ങിനെ അന്യായമാകുമെന്നതിന് മാത്രം ഉത്തരമില്ല.