വാതിൽ കമ്പിപ്പാര ഉപയോഗിച്ച് അടിച്ച് തകർത്തു; കവർച്ചാശ്രമത്തിൽ ഭയന്ന് വീട്ടുകാർ

ആറ്റിങ്ങൽ ആലംകോട് വീടിന്റെ വാതിൽ തകർത്ത് കവർച്ചാ ശ്രമം.വീട്ടുകാർ ഉണർന്നതിനാൽ കള്ളൻമാർ രക്ഷപെട്ടു. ആലംകോട് പൂവമ്പാറ തുളസി അമ്പലം റോഡിൽ ഗ്രീൻലാൻഡിൽ സന്ധ്യാ സുജിത്തിന്റെ വീട്ടിലാണ് വെള്ളിയാഴ്ച പുലർച്ചെയോടെ കവർച്ചാ ശ്രമം നടന്നത്. ഇരു നില വീടിന്റെ മുകളിലത്തെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് അടിച്ച് തകർക്കുകയായിരുന്നു.

മുകളിൽ നിന്നു വലിയ ശബ്ദം കേട്ട് സന്ധ്യ ഉണർന്ന് ലൈറ്റിട്ടതോടെ കള്ളൻമാർ രക്ഷപെടുകയായിരുന്നു. സന്ധ്യയുടെ ഭർത്താവ് സുജിത് വിദേശത്താണ്.മോഷണ സമയത്ത് സന്ധ്യയും  രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.ഇന്നലെ രാവിലെ ആറ്റിങ്ങൽ സി.ഐ യുടെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.