കുടുംബസ്വത്ത് തട്ടിയെടുക്കാൻ ശ്രമം; ഭൂമാഫിയക്കെതിരെ പരാതി

ഇടുക്കി ചിന്നക്കനാലിൽ  കുടുംബ സ്വത്തായ പട്ടയ സ്ഥലം ഭൂമാഫിയ തട്ടിയെടുക്കാന്‍ ശ്രമം നടത്തുന്നതായി പരാതി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഭൂമാഫിയ പ്രവർത്തനം എന്നും ആരോപണം. കരമടയ്ക്കുന്ന പട്ടയ സ്ഥലം വനംവകുപ്പിന്റേതാണെന്ന് വരുത്തി തീര്‍ത്ത് കുടിയൊഴിപ്പിക്കുന്നതിന് ശ്രമിക്കുന്നതായും ആക്ഷേപം. 

ഇടുക്കി രാജകുമാരി വിനായഭവനില്‍ രാജനന്ദകുമാര്‍, സുരേന്ദ്രനാഥ് എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.1957 മുതല്‍ ഇവരുടെ കുടുംബ സ്വത്തായി കൈവശമുള്ള പട്ടയ ഭൂമിയാണ് നിലവില്‍ ഭൂ മാഫിയാ കൈവശപ്പെടുത്തുന്നതിന് നീക്കം നടത്തുന്നത്. ചിന്നക്കനാല്‍ വില്ലേജില്‍  രണ്ടേക്കര്‍ പട്ടയ സ്ഥലമാണ് ഇവർക്ക് ഉള്ളത്. നിലവില്‍ റവന്യൂ രേഖകളില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ഇവര്‌രുടെ പേരിലുമാണ് ഉള്ളത്. 2019-20 സാമ്പത്തീക വര്‍ഷത്തിലേയ്ക്ക് കരമടച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഇവര്‍ തമിഴ്‌നാട്ടിലായിരുന്ന സമയത്ത് സ്ഥലം കയ്യേറി സ്വകാര്യ വ്യക്തി ഇതുവഴി റോഡ് നിര്‍മിച്ചു. തുടര്‍ന്ന് ഇവര്‍ പരാതികള്‍ നല്‍കുകയും സ്ഥലം റീ സര്‍വ്വേ നടത്തി ഉടമസ്ഥാവകാശം ഇവര്‍ക്കാണെന്ന് റവന്യൂ അദികൃതര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.  

പിന്നീട് ഇവിടെ ഷെഡ് നിര്‍മ്മിച്ച് കൃഷി  ആരംഭിക്കുന്നതിന് തയ്യാറെടുക്കുന്ന സമയത്താണ് നിലവില്‍ സ്ഥലം വനം വകുപ്പിന്റേതാണെന്ന വാദം ഉയർന്നത്. ചില ഉദ്യോഗസ്ഥര്‍ സ്ഥലത്തു നിന്നും ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടു . എന്നാല്‍ നിയമപരമായി നോട്ടീസ് നല്‍കിയിട്ടില്ല. ഇതിനെതിരേ  അദികൃതര്‍ക്ക്  നല്‍കി കാത്തിരിക്കുന്ന സമയത്ത് കഴിഞ്ഞ  രാത്രിയിലെത്തി ഷെഡ് പൊളിച്ച് നീക്കിയത്. 

എല്ലാ ഭൂരേഖകളും  ഉണ്ടായിരുന്നിട്ടും നോട്ടീസ് പോലും നല്‍കാതെ അര്‍ദ്ധരാത്രിയിലെത്തി ഷെഡ് പൊളിച്ച് നീക്കിയതെന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. മാത്രാവുമല്ല സ്ഥലം വനം വകുപ്പിന്റേതാണെങ്കില്‍ ഇവിടെ സ്വകാര്യ വ്യക്തി റോഡ് നിര്‍മ്മിച്ചതെങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്. അതുകൊണ്ട്  ഉന്നത സ്വാദീനമുള്ള സ്വകാര്യ വ്യക്തി ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂമി കയ്യടക്കുവാനുള്ള നീക്കമാണ് നടത്തുന്നതെന്നും സ്വന്തം ഭൂമി നഷ്ടപ്പെടാതിരിക്കുന്നതിന് വേണ്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്കും മുഖ്യ  മന്ത്രിക്കുമടക്കം പരാതി നല്‍കുന്നതിന് ഒരുങ്ങുകയാണ് ഇവര്‍.