ഹോട്ടൽ ഉടമയ്ക്കും കുടുംബത്തിനും നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം

കുമളിയിൽ മൂന്നംഗ സംഘത്തിന്റെ അക്രമത്തിൽ  ഹോട്ടലുടമയ്ക്കും കുടുംബത്തിനും പരിക്ക്. സമീപത്തു ഹോട്ടൽ നടത്തുന്നവരാണ്  അക്രമത്തിനു പിന്നിലെന്ന് സൂചന. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്.

കുമളിയിൽ  ഹോട്ടൽ ഉടമയായ കുഴിക്കണ്ടം വെട്ടത്തേട്ട് ലിജു വർഗീസ് , ഭാര്യ ടിറ്റി  എന്നിവർക്കാണ് പരിക്കേറ്റത്ത്. ചൊവ്വാഴ്ച രാത്രി 10.45 ഓടെ ഹോട്ടൽ അടച്ച് ഒന്നാം മൈലിലെ വീട്ടിലേയ്ക്കു പോകുന്ന വഴിക്കായിരുന്നു അക്രമം. ബൈക്കിൽ പോവുകയായിരുന്ന ലിജുവിനെയും ഭാര്യയെയും ആളൊഴിഞ്ഞ വലിയകണ്ടം ഭാഗത്തുവച്ച് ആക്രമിക്കുകയായിരുന്നു. ബൈക്കിൽ എത്തിയ മൂന്നംഗ സംഘം കമ്പി വടിക്ക് ലിജുവിന്റെ തലയ്ക്കടിച്ചു. അടിയേറ്റ ലിജു വാഹനം ഒതുക്കാൻ ശ്രമിക്കുന്നതിനിടിയിൽ അക്രമികൾ ബൈക്ക് ചവിട്ടി റോഡിലേയ്ക്കിട്ടു. തുടർന്നും ലിജുവിനെ കമ്പിവടി കൊണ്ട്  അടിക്കാൻ ശ്രമിച്ചെങ്കിലും ഭാര്യ ടിറ്റി വടിയിൽ കയറി പിടിക്കുകയായിരുന്നു. 

ഇതേ തുടർന്ന് ഇവരെ റോഡിലൂടെ കുറച്ചു ദൂരം അക്രമികൾ വലിച്ചിഴച്ചു. ലിജുവും ഭാര്യയും ബഹളം വച്ചതോടെ പ്രദേശവാസികൾ ഓടിക്കുടി.തുടർന്ന്  അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ലിജുവിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ടിറ്റിയുടെ രണ്ട് കാൽ മുട്ടുകൾക്കും കൈമുട്ടുകൾക്കും പരിക്കേറ്റിട്ടുണ്ട്. ലിജുവിന്റെ ഹോട്ടലിനു എതിർവശം ഹോട്ടൽ നടത്തുന്നവരാകും അക്രമത്തിനു പിന്നിലെന്ന് ലിജു ആരോപിച്ചു. 

കഴിഞ്ഞ ദിവസം ഹോട്ടലിലേയ്ക്ക് ആളുകളെ വിളിച്ചു കയറ്റുന്നതുമായി ബന്ധപ്പെട്ട  സമീപത്തെ ഹോട്ടൽ നടത്തിപ്പുകാരുമായി   രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. ഇതിനു മുമ്പ് ലിജുവിന്റെ ഹോട്ടൽ ജീവനക്കാരനെ അകാരണമായി മർദിച്ചതിനെച്ചൊല്ലിയും ഈ ഹോട്ടൽ ഉടമകളുമായി വഴക്കുണ്ടായിരുന്നു. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കുമളി പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു. ഹോട്ടൽ ഉടമയെയും കുടുംബത്തെയും അക്രമിച്ചവരെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് വ്യാപാര വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കുമളി ടൗണിൽ പ്രകടനം നടത്തി.