30 വർഷമായി വന്യമൃഗവേട്ട; ഒടുവിൽ വനം വകുപ്പിന്റെ പിടിയിൽ

കുമളിയിൽ തേയില തോട്ടത്തിൽ നിന്ന് കുരുക്കുവച്ച് വന്യ മൃഗത്തെ വേട്ടയാടിയ പ്രതി വനം വകുപ്പിന്റെ പിടിയിൽ. കുമളി ചെങ്കര പുതുക്കാട് ഭാഗത്തെ സ്വകാര്യ തെയില തോട്ടത്തിൽ ചെറു മൃഗങ്ങളെ വേട്ടയാടിയ പുതുക്കാട്  സ്വദേശിയാണ് പിടിയിലായത്. മുപ്പത്ത് വർഷമായി പ്രതി  ചെറു വന്യ മൃഗങ്ങളെ വേട്ടയാടി വരുന്നതായി വനം വകുപ്പ് അറിയിച്ചു.

പുതുക്കാട് പ്രവീൺ നിവാസിൽ മുരുകൻ ആണ് പിടിയിലായത്. കുമളി റെയിഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കിലോയോളം വരുന്ന കാട്ടു മുയലിന്റെ ഇറച്ചി കറിവെച്ചത് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും 13 കമ്പി കുരുക്കുകളും ഉദ്യോഗസ്ഥർ കണ്ടെത്തി.

ചെങ്കര പുതുക്കാടിലെ സ്വകാര്യ തേയില പ്ലാന്റേഷനിൽ മുപ്പത് വർഷത്തോളമായി ഇയാൾ മൃഗവേട്ട നടത്തിയിരുന്നതായി മൊഴി നൽകിയിട്ടുണ്ട്. കൂടാതെ പ്ലാന്റേഷനിലെ വിവിധ ഇടങ്ങളിലായി പത്തോളം കുരുക്കുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മുരുകൻ മൊഴി നൽകി.