കൃഷിയപ്പാടെ നശിപ്പിച്ച് കാട്ടുപന്നി; വെടിവയ്ക്കാന്‍ അനുമതി വേണം; ദുരിതം

കാട്ടുപന്നിയുടെ ശല്യത്തില്‍ ഏറെ ബുദ്ധിമുട്ടിലായി കാസര്‍കോട്ടെ കര്‍ഷകര്‍. അര്‍ധരാത്രിയിലെത്തുന്ന പന്നികള്‍ കൃഷിയപ്പാടെ നശിപ്പിച്ചാണ് പോകുന്നത്. കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 

കാട്ടാനയ്ക്കും കുരങ്ങുകള്‍ക്കും പുറമേയാണ് കാട്ടുപന്നിയുെട ശല്യവും ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്. അര്‍ധരാത്രിയോടെ എത്തുന്ന പന്നികള്‍ കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നു. പടക്കം പൊട്ടിച്ചാല്‍ പോലും പലപ്പോഴും പന്നികള്‍ പിന്തിരിയുന്നില്ലെന്നാണ് കര്‍ഷകരുടെ അനുഭവം. ഇതോടെ കാട്ടുപന്നികളുടെ ശല്യം തടയാന്‍ കര്‍ഷകര്‍ പല നിറത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ച് വേലി കെട്ടി തിരിച്ചാണ് കൃഷി സംരക്ഷിക്കുന്നത്. 

ജില്ലയിലെ വനാതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് പുറമേ നഗര പ്രദേശങ്ങളില്‍ പോലും ഇപ്പോള്‍ കാട്ടുപന്നിയുെട ശല്യം രൂക്ഷമാണ്. കിഴങ്ങ് വര്‍ഗങ്ങള്‍, നെല്ല് തുടങ്ങിയവയുടെ പകുതി വിളവ് പോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പന്നികളുടെ ആക്രമണത്തില്‍ ജില്ലയില്‍ രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു. കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള അപ്രായോഗികവും സങ്കീര്‍ണവുമായി മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കൃഷി നശിപ്പിക്കുന്ന പന്നികളെ ഉപാധികളോടെ കൊല്ലാന്‍ 2020 മേയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും കാസര്‍കോട് ജില്ലയില്‍ അപേക്ഷിച്ച ഒരാള്‍ക്കുപോലും അനുമതി കിട്ടിയിട്ടില്ല