മുട്ടിൽ മരംമുറി; പ്രതി മുൻ വനം മന്ത്രിയുടെ ഓഫീസിലെത്തി; വെളിപ്പെടുത്തൽ

മുട്ടില്‍ മരംമുറികേസിലെ പ്രതി റോജി അഗസ്റ്റിന്‍ വനംമന്ത്രിയുടെ ഒാഫീസിലെത്തിയതിനെക്കുറിച്ചുള്ള വിവാദം കൊഴുക്കുന്നു. തോട്ടത്തില്‍നിന്ന് മുറിച്ച മരത്തിന് പാസ് ആവശ്യപ്പെട് റോജി ഒാഫീസില്‍വന്നു കണ്ടിരുന്നുവെന്ന് മുന്‍വനം മന്ത്രിയുടെ അഡിഷണല്‍പ്രൈവറ്റ് സെക്രട്ടറി ജി.ശ്രീകുമാര്‍ മനോരമന്യൂസിനോട് പറഞ്ഞു.  പ്രതികള്‍ വിളിച്ചോ  എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നായിരുന്നു മുന്‍വനംമന്ത്രി കെ.രാജുവിന്‍റെ പ്രതികരണം. മരംകൊളളക്കേസില്‍ മുന്‍ റവന്യൂ–വനം മന്ത്രിമാരെ പ്രതിചേര്‍ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. 

മരംമുറികേസിലെ പ്രതി റോജി അഗസ്റ്റിന്‍ സെക്രട്ടേറിയറ്റിലെ ഒാഫീസിലെത്തി കണ്ടിരുന്നുവെന്ന് മുന്‍വനം മന്ത്രിയുടെ അഡിഷണല്‍പ്രൈവറ്റ് സെക്രട്ടറി ജി.ശ്രീകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സ്വന്തം തോട്ടത്തില്‍ നിന്ന് മുറിച്ച മരം കൊണ്ടുപോകാൻ പാസ് വേണമെന്നായിരുന്നു ആവശ്യം. സൗത്ത് വയനാട് ഡി.എഫ്.ഒയും റെയ്ഞ്ച് ഓഫീസറും വയനാട്ടിൽ തുടരുന്നത്  ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് റോജി അഗസ്റ്റിന്‍ സൂചിപ്പിച്ചു. ഈ സംഭഷണത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയോട് സംസാരിക്കുകയോ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും നിര്‍ദേശം നല്‍കുകയോ ചെയ്തിട്ടില്ല. പിന്നീട് ആന്‍റോ അഗസ്റ്റിന്‍റെ ഫോണില്‍ നിന്ന് മിസ്ഡ്് കോള്‍കണ്ടപ്പോള്‍ തിരികെ വിളിച്ചു. 

വിവാദ മരം മുറി ഉത്തരവ് പിന്‍വലിച്ചന് തൊട്ടടുത്തദിവസമായ ഫെബ്രുവരി മൂന്നിന്  രാവിലെ ഒന്‍പതരക്കാണ് ആന്റോ അഗസ്റ്റിന്റ ശ്രീകുമാറിന്റ 94479 79006 എന്ന ഫോണിലേക്ക് മിസ്ഡ്കോള്‍ നല്‍കിയത്. ഉടനെ ശ്രീകുമാര്‍തിരികെവിളിച്ചു. അന്ന് ഉച്ചയോടെ മുട്ടിലില്‍ മുറിച്ചിട്ടിരുന്ന 13.3 ക്യുബിക് മീറ്റര്‍ വരുന്ന 54 കഷണം ഈട്ടിത്തടി ലക്കടി ചെക് പോസ്റ്റില്‍ നിന്ന് പരിശോധനയില്ലാതെ കടന്നുപോയതായാണ് ആരോപണം ഉയരുന്നത്. എന്നാല്‍ മരംമുറി പ്രതികൾ ഓഫിസുമായി ബന്ധപ്പെട്ടോയെന്ന് ധാരണയില്ലെന്നായിരുന്നു മുൻ വനം മന്ത്രി കെ. രാജുവിന്‍റെ പ്രതികരണം. 

മുന്‍ റവന്യൂ–വനം മന്ത്രിമാരെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. അഭിഭാഷകയായ സുശീല ഭട്ട്, പരിസ്ഥിതി വിദഗ്ധന്‍ പ്രഫസര്‍ ഇ. കുഞ്ഞികൃഷ്ണന്‍, മുന്‍ വനംവകുപ്പുദ്യോഗസ്ഥനായ ഒ. ജയരാജ് എന്നിവരടങ്ങുന്ന സമിതിയെ മുട്ടില്‍കേസിന്‍റെ വിശദാംശങ്ങള്‍പഠിക്കാനായി നിയോഗിക്കാന്‍ യുഡിഎഫ് തീരുമാനിച്ചതായും പ്രതിപക്ഷ നേതാവ് അറിയിച്ചു.