വനംവകുപ്പ് മേധാവി അറിയാതെ സ്ഥലം മാറ്റം; വിവാദം; ന്യായീകരിച്ച് വനംമന്ത്രി

മുട്ടില്‍മരം മുറികേസില്‍ ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍.ടി.സാജനെ ചീഫ് കണ്‍സര്‍വേറ്റര്‍സ്ഥാനത്തേക്ക് നിയമിച്ച്  സര്‍ക്കാര്‍ ഉത്തരവിറക്കി. മുട്ടില്‍കേസ് അന്വേഷിച്ച ഉത്തരമേഖല ചീഫ് കണ്‍സര്‍വേറ്റര്‍ ഡി.കെ.വിനോദ് കുമാറിനെ കൊല്ലത്തെ സാമൂഹിക വനവത്ക്കരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. വിനോദ് കുമാറിന് പകരം ആര്‍.കീര്‍ത്തി ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാകും.  വനം വകുപ്പില്‍നിന്ന് ശുപാര്‍ശയില്ലാതെ നടന്ന സ്ഥലമാറ്റ ഉത്തരവിലുള്ളവിയോജിപ്പ് വനംമേധാവി ചീഫ്സെക്രട്ടറിയെ നേരിട്ടറിയിച്ചു. നടപടികള്‍സ്വാഭാവികമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചു.

മുട്ടില്‍മരംമുറികേസില്‍ ആരോപണവിധേയനായ എന്‍.ടി.സാജനെ തെക്കന്‍മേഖലയുടെ മുഴുവന്‍ചുമതലയുള്ള ചീഫ് കണ്‍സര്‍വേറ്ററായാണ് സ്ഥാനകയറ്റം നല്‍കിയിരിക്കുന്നത്. മുട്ടില്‍മരം മുറിയില്‍ എന്‍.ടി.സാജനെതിരെ റിപ്പോര്‍ട്ട് നല്‍കിയ ഉത്തരമേഖല ചീഫ് കണ്‍സര്‍വേറ്ററായ ഡികെ വിനോദ് കുമാറിനെ കൊല്ലത്തെ സാമൂഹിക വനവത്ക്കരണ വിബാഗത്തിലേക്കും മാറ്റി. ചുരുക്കത്തില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥന് കൂടുതൽ അധികാരങ്ങള്‍ നല്‍കിയപ്പോള്‍കേസന്വേഷിച്ചയാള്‍ മരംവെച്ചുപിടിപ്പിക്കുന്ന ചുമതലയിലേക്ക് ഒതുങ്ങി.

മുട്ടില്‍മരം മുറി കേസില്‍ പ്രതികള്‍ക്ക് സഹായകരമായ നിലപാടെടുത്തു,കേസന്വേഷിച്ച് റേഞ്ച് ഒാഫീസറെ കുടുക്കാന്‍ശ്രമിച്ചു,  മണിക്കുന്നുമലയില്‍ ഇല്ലാത്ത പ്രശ്നം ഉണ്ടെന്ന് വരുത്തി മുട്ടിലില്‍നിന്ന് ശ്രദ്ധതിരിച്ചു എന്നീ ആരോപണങ്ങളാണ് എന്‍.ടി.സാജന്‍ നേരിടുന്നത്. അദ്ദേഹത്തിന് തെക്കന്‍വനമേഖലയുടെ മുഴുവന്‍ചുമതലയുള്ള ചീഫ് കണ്‍സര്‍വേറ്ററുടെ പദവിയാണ് ലഭിച്ചിരിക്കുന്നത്. അതേസമയം മുട്ടില്‍കേസ് അന്വേഷിച്ച് എന്‍.ടി.സാജനെിരെ വകുപ്പുതല നടപടി ശുപാര്‍ശചെയ്ത ഉദ്യോഗസ്ഥനായ ഡി.കെ.വിനോദ്കുമാര്‍ സാമൂഹിക വനവത്ക്കരണ വിഭാഗത്തിലേക്ക് തളക്കപ്പെട്ടു. ഇരുവര്‍ക്കും കൊല്ലത്തുതന്നെയാണ് നിയമനം. ഫലത്തില്‍ ഡി.െക.വിനോദ്കുമാര്‍ എന്‍.ടി.സാജനൊപ്പം ജോലിചെയ്യേേണ്ടിവരും

വനംവകുപ്പിന്‍റെ ശുപാര്‍ശയില്ലാതെയും ചട്ടങ്ങള്‍മറികടന്നുമാണ് സ്ഥലംമാറ്റമെന്നുകാണിച്ച് വനം മേധാവി ചീഫ് സെക്രട്ടറിയെ പരാതി അറിയിച്ചു. ആരോപണവിധേയനായ ഉദ്യോഗസ്ഥന് വിപുലമായ അധികാരങ്ങള്‍നല്‍കുന്നതിലും എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. പക്ഷെ ഇതെല്ലാം സ്വാഭാവികനടപടിയെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്‍.ടി.സാജനും ഡികെ.വിനോദ് കുമാറുമുള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെയാണ്സ്ഥലം മാറ്റിയിട്ടുള്ളത്. ഇവരില്‍ ചിലര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും.