ആര്യങ്കാവിൽ ചന്ദനമരം മുറിച്ചു കടത്തി; റയിൽവേ ജീവനക്കാരൻ പിടിയിൽ

കൊല്ലം ആര്യങ്കാവിൽ ചന്ദനമരം മുറിച്ചു കടത്തിയ റയിൽവേ ജീവനക്കാരനെ വനപാലകർ പിടികൂടി. റെയിൽവേയുടെ സ്ഥലത്തു നിന്ന ചന്ദനമരമാണ് മുറിച്ചത്. കൂട്ടുപ്രതിക്കായി അന്വേഷണം തുടങ്ങി. റെയിൽവേയിലെ സെക്കൻഡ് ഗ്രേഡ് ട്രാക്ക്മാനായ തെങ്കാശി സ്വദേശി ചിത്തായിയാണ് അറസ്റ്റിലായത് . ആര്യങ്കാവിൽ റയിൽവേയുടെ പാർപ്പിട സമുച്ചയത്തിന് സമീപം ഉണ്ടായിരുന്ന ചന്ദനമരമാണ് പ്രതി മുറിച്ചത്. ചിത്തായിയും മറ്റൊരു റയിൽവേ ജീവനക്കാരനായ മുരുകനും ചേർന്നായിരുന്നു മരം മുറിച്ചതെന്ന് വനപാലകരുടെ അന്വേഷണത്തിൽ കണ്ടെത്തി.

ചന്ദനതടികൾ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പാലത്തിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ട്രെയിനിൽ കടത്താൻ പാകത്തിലാണ് മരം മുറിച്ചത്. റെയിൽവേ കോർട്ടേഴ്സിൽ നിന്ന് ചന്ദനമരം മോഷണം പോയെന്ന് വനംവകുപ്പിന് വിവരം ലഭിച്ചതിനെതുടർന്ന് തെന്മല റേഞ്ച് ഓഫീസർ ബി.ആർ ജയന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സംശയമുള്ള ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. 

തമിഴ്നാട് സ്വദേശിയായ കൂട്ടുപ്രതി മുരുകൻ ഒളിവിലാണ്. ഇതിനുമുൻപ് പ്രതികൾ ചന്ദനമരം ട്രെയിൻ മാർഗം കടത്തിയെന്നാണ് സംശയം. തമിഴ്നാട്ടിലേക്ക് റോഡ് മാർഗം പോകാൻ നാല് ചെക്ക് പോസ്റ്റുകൾ പോകണം. ചെക്പോസ്റ്റ് പരിശോധന ഒഴിവാക്കാൻ പ്രതികൾ ട്രെയിനുകൾ ഉപയോഗപ്പെടുത്തി എന്നാണ് വിവരം. ആര്യങ്കാവ് മേഖലയിൽ റയിൽവേ പാതയോട് ചേർന്ന് നിരവധി ചന്ദനമരങ്ങൾ ഉണ്ട്. കാണാതായ മരങ്ങളെക്കുറിച്ച് വനപാലകർ വിശദമായി അന്വേഷണം തുടങ്ങി. പുനലൂർ വനം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.