സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ വീടാക്രമിച്ചതായി പരാതി, നാലു പേർക്ക് പരുക്ക്

കടുത്തുരുത്തി മാന്നാറിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ വീട് ആക്രമിച്ച് സ്ത്രീയടക്കമുള്ള നാലംഗ കുടുംബത്തെ പരുക്കേൽപ്പിച്ചതായി പരാതി. ആക്രമണത്തില്‍ പരുക്കേറ്റ വീട്ടുകാര്‍  ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബത്തെ രക്ഷിക്കാനെത്തിയ അയല്‍വാസികളെയും അക്രമിസംഘം വിരട്ടിയൊടിച്ചു.

മാന്നാർ പതിപറമ്പിൽ ജോർജിനും കുടുംബാംഗങ്ങള്‍ക്കും നേരെ ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം. ജോർജിന്‍റെ വീടിനു സമീപമുള്ള സർക്കാർ പോളിടെക്നിക്കിലെ ആഘോഷ പരിപാടിക്കിടെ ഉണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായിരുന്നു ആക്രമണം. ജോര്‍ജിന്‍റെ മകന്‍ കോളജിലെ പൂര്‍വ വിദ്യാര്‍ഥി ആയിരുന്നു. പരിപാടി കാണാനെത്തിയ ജോര്‍ജിന്‍റെ മകനും കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായി. 

തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് നോക്കി നില്‍ക്കെയാണ് വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് ഇടപെടാന്‍ തയ്യാറായില്ല. ഇതോടെ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇടപെട്ട് വിദ്യാര്‍ഥികളെ മടക്കി അയച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കം വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ കയറി ആക്രമിച്ചുവെന്നാണ് ജോര്‍ജിന്‍റെ പരാതി.

വീടിന് കല്ലെറിഞ്ഞ സംഘം വീട്ടുപകരണങ്ങൾ അടിച്ചു തകർത്തു. ജോര്‍ജ്, ഭാര്യ ചന്ദ്രിക, മക്കള്‍ എന്നിവര്‍ വൈക്കം സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്. ആക്രമണം ചെറുക്കാന്‍ സമീപവാസികൾ എത്തിയെങ്കിലും അക്രമിസംഘം ആയുധം വീശി വിരട്ടിയോടിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നാണ് കടുത്തുരുത്തി പോലീസിന്‍റെ വിശദീകരണം.