ബൈക്കിൽ പിന്തുടർന്ന് കെഎസ്ആർടിസി ബസ് ആക്രമിച്ചു; പേടിസ്വപ്നമായി ചന്നപട്ടണം

കര്‍ണാടകയിലെ ചന്നപട്ടണയില്‍ കെഎസ്ആര്‍ടിസി ബസിനുനേരെ വീണ്ടുംആക്രമണം. ബെംഗളൂരുവില്‍ നിന്ന് തലശ്ശേരിയിലേയ്ക്ക് പോയ സൂപ്പര്‍ എക്സപ്രസ് ബസിനുനേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയയുവാവ് വഴിതടയുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് പിടികൂടി. ചന്നപട്ടണ കേന്ദ്രമാക്കി കേരള ആര്‍ ടി സി ബസുകള്‍ക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.

ഇന്നലെ രാത്രിയാലാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് തലശ്ശേരിയിലേയ്ക്ക് പോയ സൂപ്പര്‍ എക്സപ്രസ് ചന്നപട്ടണ പിന്നിട്ടപ്പോള്‍മുതല്‍ ബൈക്കില്‍ പിന്തുടരുകയായിരുന്നു യുവാവ്. പിന്നീട് ബസിനെ ഒാവര്‍ടേക്ക് ചെയ്തശേഷം വഴിയില്‍ തടസമുണ്ടാക്കി നിന്നു. റോഡില്‍ നിന്ന് നിന്ന് ബൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതോടെ അസഭ്യവര്‍ഷവുമായി ഡ്രൈവര്‍ക്ക്‌നേരെ പാഞ്ഞടുത്തയിയാള്‍ ബസില്‍ അടിക്കുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. 

ജീവനക്കാര്‍ പരാതിനല്‍കിയതോടെ പൊലീസെത്തി ഇയാളെ പിടികൂടി. ചന്നപട്ടണകേന്ദ്രീകരിച്ച്  കേരള ആര്‍ ടി സി ബസുകള്‍ക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞവര്‍ഷം നാലുതവണ ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായതും, ഡ്രൈവര്‍മാരെ അജ്ഞാതര്‍ മര്‍ദിച്ചതും ഇതേസ്ഥലത്തുവച്ചാണ്. നിരവധിതവണ പരാതിനല്‍കിയിട്ടും പൊലീസ് നൈറ്റ്പെട്രോളിംഗ് സജീവമാക്കുകയോ, ബസുകള്‍ക്ക് സുരക്ഷനല്‍കുകയോ, ചെയ്യുന്നില്ലെന്ന പരാതിയും ശ്ക്തമാണ്.