മഹാരാഷ്ട്രയിൽ വാഹനപരിശോധനയ്ക്കിടെ കോൺസ്റ്റബളിനെ ട്രക്ക് കയറ്റികൊന്നു

കന്നുകാലികളുടെ അനധികൃതകടത്ത് കണ്ടെത്തുന്നതിനുള്ള വാഹനപരിശോധനയ്ക്കിടെ പൊലീസ് കോൺസ്റ്റബളിനെ ട്രക്ക് കയറ്റികൊന്നു. മഹാരാഷ്ട്ര ചന്ദ്രാപുരിലാണ് നടക്കുന്നസംഭവം. കൊലപാതകത്തിൽ രണ്ടുപേരെ അറസ്റ്റ്ചെയ്തു.

മഹാരാഷ്ട്ര ചന്ദ്രാപുരിലാണ് കന്നുകാലികളെ അനധികൃതമായി കടത്തുകയായിരുന്ന സംഘം പൊലീസ് കോൺസ്റ്റബിള്‍ പ്രകാശ് മെഷ്റാമിനെ ട്രക്ക്കയറ്റി കൊന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. നാഗ്പുർ- ചന്ദ്രാപുർ റോഡിൽ കമ്പാടവാണിനാക്ക പ്രദേശത്ത് പൊലീസ് രാത്രികാല വാഹനപരിശോധന നടത്തിവരികയായിരുന്നു. അനധികൃതമായി മദ്യകടത്തും, ഇറച്ചിക്കായി കാളകളെ കടത്തുന്നതും കണ്ടെത്തുന്നതിനായിരുന്നു തിരച്ചിൽ. ഇതിനിടെ, ഇവിടേക്കെത്തിയ ട്രക്കിന് കൈകാണിച്ചെങ്കിലും, പൊലീസ് കോൺസ്റ്റബിളിനെ ഇടിച്ചശേഷം വാഹനംനിർത്താതെപോയി. ട്രക്ക് കയറിയിറങ്ങിയ പ്രകാശ് മെഷ്റാം തൽക്ഷണം മരിച്ചു. 

എന്നാല്‍ നിർത്താതെപോയ ട്രക്കും, അതിലുണ്ടായിരുന്ന രണ്ടുപേരേയും പൊലീസ് പിന്തുടർന്ന് പിടികൂടി. പത്തൊൻപതുകാരായ ഇംതിയാസ് അഹമ്മദും, മുഹമ്മദ് റാസ അബ്ദുൽ ജബ്ബാറുമാണ് അറസ്റ്റിലായത്. ചന്ദ്രാപുരിൽ മൂന്നുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് പൊലീസുകാരനെ വാഹനം കയറ്റികൊല്ലുന്നത്. മദ്യകടത്ത് സംഘത്തിന്റെ വാഹനംഇടിച്ച് സബ് ഇൻസ്പെക്ടർ ഛത്രപതി ഷിൻഡേ കൊല്ലപ്പെട്ടത് ഇക്കഴിഞ്ഞ നവംബറിലാണ്.