എടിഎം മെഷീന്‍ തകര്‍ത്ത് മോഷണശ്രമം; രണ്ടുപേർ പിടിയിൽ

പാലക്കാട് ശേഖരിപുരത്ത് എടിഎം മെഷീന്‍ തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. സേലത്തു നിന്ന് ഇരുചക്രവാഹനത്തിലെത്തിയ സംഘം നിരവധി മോഷണക്കേസുകളിലെ പ്രതികളാണ്.  സംഘത്തിലെ ഒരാള്‍ക്കായി അന്വേഷണം തുടങ്ങി.  

തമിഴ്നാട്ടിലെ സേലം ആത്തൂര്‍ തലൈവാസല്‍ സ്വദേശിയായ മാധവനും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പാലക്കാട് നഗരത്തിലെ ശേഖരിപുരം നൂറടി റോഡിലെ സിന്‍ഡിക്കറ്റ് ബാങ്കിന്റെ എടിഎം പ്രതികള്‍ തകര്‍ത്തത്. എന്നാല്‍ പണം കൈക്കലാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. സുരക്ഷാ അലാം മുഴങ്ങിയതോടെ പ്രതികള്‍ ഇരുചക്രവാഹനത്തില്‍ രക്ഷപെട്ടു. ഇതിനു ശേഷം ഒലവക്കോട്ടെ ഒരു കട കൊളളയടിച്ച് അയ്യായിരം രൂപ മോഷ്ടിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം അന്വേഷണം നടത്തുന്നതിനിടെ ഹേമാംബികനഗര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പൊലീസിന്റെ പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപെട്ടു. തമിഴ്നാട്ടിലെ വിവിധ എടിഎം കവര്‍ച്ച കേസില്‍ പ്രതികളാണെങ്കിലും കേസുകളൊന്നും റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. 

സേലത്തു നിന്ന് മോഷണത്തിനായി ഇരുചക്രവാഹനത്തിലാണ് മൂന്നുപേരും എത്തിയത്. എടിഎം മെഷീന്‍ തകര്‍ക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തി. പൊലീസിനെ വെട്ടിച്ചുകടന്ന തലൈവാസല്‍ സ്വദേശിയായ മൂന്നാമനായി അന്വേഷണം ശക്തമാക്കി. നേരത്തെ ആലത്തൂര്‍, വാളയാര്‍ മേഖലകളിലെ എടിഎം മോഷണവുമായി പ്രതികള്‍ക്ക് ബന്ധുമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.