കള്ളനെ തുരത്താൻ നായയെ വളർത്തി; മെരുക്കിയെടുത്ത് നായയെ മോഷ്ടിച്ചു

വീടിനു മുൻവശത്തു സ്ഥാപിച്ചിരുന്ന ഇരുമ്പുകൂട്ടിൽ നിന്നു മുന്തിയ ഇനത്തിൽ പെട്ട നായ്ക്കുട്ടിയെ മോഷ്ടിച്ചു ലോറിയിൽ കടത്തി. നായയെ മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യം അയൽവീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞു.  ഇടുക്കി പൊലീസ് സ്‌റ്റേഷനിൽ കന്റീൻ നടത്തുന്ന പുതിയാനിക്കൽ സജിയുടെ ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട രണ്ടര വയസ്സുള്ള പെൺനായയെയാണു മോഷ്ടിച്ചു കടത്തിയത്. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം.  

കൂടിനടുത്ത് ഏറെ സമയം ചെലവഴിച്ച മോഷ്ടാവ് നായയെ മെരുക്കി കൂട്ടിൽ നിന്നു പുറത്തിറക്കി റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കയറ്റി കൊണ്ടുപോകുന്നതു ക്യാമറയിലെ ദൃശ്യത്തിൽ വ്യക്തമാണ്. സജിയുടെ വീടിനു മുൻവശത്തെ കൂട്ടിൽ ഈ ഇനത്തിൽപ്പെട്ട 2 നായ്ക്കളെയാണു വളർത്തിയിരുന്നത്. 

വൈകുന്നേരങ്ങളിൽ ആൺനായയെ വീട്ടിലെ വരാന്തയിലേക്കു മാറ്റുകയാണു പതിവ്. മോഷ്ടിച്ചുകടത്തിയ നായയ്ക്ക് 25,000 രൂപ വില വരുമെന്ന് ഉടമ സജി പറഞ്ഞു. സംഭവം സംബന്ധിച്ച് ഇടുക്കി പൊലീസിൽ പരാതി നൽകി.