തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട; 12 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. മാലിയിലേക്ക് കടത്താന്‍ കൊണ്ടുവന്ന പന്ത്രണ്ട് കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. ഇടുക്കി സ്വദേശി ഉള്‍പ്പെടുന്ന രണ്ടംഗ സംഘമാണ് ചെന്നൈയില്‍ നിന്ന് ട്രയിന്‍ മാര്‍ഗം ഹാഷിഷ് ഓയില്‍ കടത്തിക്കൊണ്ടുവന്നത്.

രാജ്യന്തര വിപണിയില്‍ പന്ത്രണ്ട് കോടിയിലേറെ വിലമതിക്കുന്ന പതിനൊന്ന് കിലോ ഹാഷിഷ് ഓയില്‍. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി സാബു സേവ്യറും മധുര സ്വദേശി സാദിഖും ചേര്‍ന്നാണ് ഇവ കടത്തിക്കൊണ്ടുവന്നത്. ചെന്നൈയില് നിന്ന് ട്രയിനില്‍ തിരുവനന്തപുരത്തെത്തിച്ച് മറ്റൊരാള്‍ക്ക് വില്‍ക്കാനായി കൊണ്ടുപോകുമ്പോഴാണ് എക്സൈസ് സംഘം പിടികൂടിയത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് വന്‍ ലഹരിമരുന്ന് കടത്ത് നടക്കുന്നൂവെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരന്തരനിരീക്ഷണത്തിലായിരുന്നു എക്സൈസ് സംഘം.

വിമാനമാര്‍ഗം മാലിയിലേക്ക് കടത്താനാണ് ഹാഷിഷ് ഓയില്‍ കൊണ്ടുവന്നത്. തിരുവനന്തപുരം വഴി മാലിയിലേക്ക് ലഹരി കൈമാറ്റം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായ രണ്ട് പേരും. ഇടുക്കിക്കാരന്‍ സേവ്യര്‍ ആന്ധ്രയിലാണ് താമസം. അവിടെ കഞ്ചാവ് കൃഷി നടത്തിയതിന് ജയിലില്‍ കിടന്നിട്ട് പുറത്തിറങ്ങിയതേയുള്ളു. ഇതിന് മുന്‍പ് നാഗര്‍കോവില്‍ വഴി മാലിയിലേക്ക് ലഹരി കടത്തിയതായി ഇവര്‍ സമ്മതിച്ചു. സാദിഖിന്റെ ബന്ധുവാണ് ഇവരുടെ സംഘത്തിലെ മറ്റൊരു പ്രധാനി. അയാള്‍ക്കായി അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.