മൂന്നാമതും കല്യാണം കഴിക്കാനെത്തി; കയ്യോടെ പിടികൂടി

മുൻ വിവാഹങ്ങൾ മറച്ച് വച്ച് മൂന്നാമതും വിവാഹം കഴിച്ച വിവാഹത്തട്ടിപ്പ് വീരൻ അറസ്റ്റിൽ. മൂന്നാം വിവാഹം പഞ്ചായത്താഫീസിൽ രജിസ്റ്റർ ചെയ്യാനെത്തിയപ്പോഴാണ് നവവരൻ പൊലീസ് പിടിയിലാകുന്നത്. ഏരൂര്‍ സ്വദേശി  സുനിലാണ് അറസ്റ്റിലായത്.കൊട്ടാരക്കര സ്വദേശിയെയാണ് ഇയാൾ ആദ്യം വിവാഹം ചെയ്തത്. ഇതിൽ രണ്ട് കുട്ടികളുണ്ട്. ഈ ബന്ധം വേർപെടുത്തി.   നാവായിക്കുളം സ്വദേശിയെ  ഇയാൾ രണ്ടാമതായി വിവാഹം കഴിച്ചു. .ഇതിൽ ഒരു കുട്ടിയുമുണ്ട്. 

മൂന്ന് വർഷത്തോളം കൂടെത്താമസിച്ച ശേഷം യുവതിയെയും കുട്ടിയെയും ഉപേക്ഷിച്ച് പോകുകയായിരുന്നു.ഇവരിൽ നിന്നും പ്രതി  സ്വർണവും പണവുമുൾപ്പെടെ അഞ്ച് ലക്ഷത്തോളം രൂപ അപഹരിച്ചതായും പരാതിയുണ്ട്. . ഈ വിവരങ്ങളെല്ലാം മറച്ച് വച്ച ശേഷമാണ് ഏതാനും ദിവസം മുമ്പ് സുനില്‍   ഇളവറാംകുഴി സ്വദേശിയെ മൂന്നാമതായി വിവാഹം ചെയ്തത്.  ഏരൂർ ഗ്രാമപഞ്ചായത്താഫീസിലെത്തി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ നടന്നുവരവേയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് . വിവാഹം രജിസ്റ്റർ ചെയ്യുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രണ്ടാം ഭാര്യ  ഏരൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെത്തുടർന്നായിരുന്നു അറസ്റ്റ് .