പി.മോഹനന്റെ കുടുംബത്തെ ആക്രമിച്ച കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകർ അറസ്റ്റില്‍

സി.പി.എം കോഴിക്കോട്  ജില്ലാസെക്രട്ടറി പി.മോഹനന്റെ കുടുംബത്തെ ആക്രമിച്ച കേസില്‍  മൂന്ന് ആര്‍.എസ്. എസ് പ്രവര്‍ത്തകർ അറസ്റ്റില്‍. കുറ്റ്യാടി കക്കട്ടില്‍ സ്വദേശികളാണ് പിടിയിലായത്. കേസില്‍ ഇനി ഏഴുപേര്‍ കൂടി അറസ്റ്റിലാകാനുണ്ട്.

കുറ്റ്യാടിയിലെ സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ  നെട്ടുരിലെ സുധീഷ്, കക്കട്ടില്‍ കുളങ്ങരയിലെ അശ്വിന്‍ അമ്പലകുളങ്ങര സ്വദേശി ശ്രീജു എന്നിവരാണ് അറസ്റ്റിലായത്. പി. മോഹനന്‍റെ മകന്‍ ജൂലിയസ് നികിതാസ് ഭാര്യ സാനിയോ മനോമി എന്നിവരെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നവരാണ് ഇവര്‍. 

ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോകുന്നതിനിടെ കക്കട്ടില്‍ അമ്പലക്കുളങ്ങരയില്‍ വച്ച്  നികിതാസിനെയും സാനിയോയെയും ഒരുസംഘം ആക്രമിച്ചത്. കാറില്‍ നിന്നും  വലിച്ചുതാഴെയിട്ടു ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പെട്ട ഏഴു പേര്‍ക്കായി കുറ്റ്യാടി പൊലീസ് തിരിച്ചില്‍ ഊര്‍ജിതമാക്കി. നികിതാസിനെയും സാനിയോയെയും  നടുവണ്ണൂരില്‍ വച്ചു രണ്ടാമതും ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. 

ഇവര്‍ക്കൊപ്പമുണ്ടായിരുന്നവർ പകര്‍ത്തിയ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. മുന്‍ എം.എല്‍.എ കൂടിയായിട്ടുള്ള നികിതാസിന്റെ അമ്മയുടെ ഫെയ്സ് ബുക്ക്  പോസ്റ്റാണ് ആക്രമണത്തിന് കാരണമായതെന്ന പ്രചാരണവും ശക്തമാണ്