മന്ത്രവാദിയെ വിശ്വസിച്ചു; ഭൂമികുഴിച്ച് നിധി തേടി; കുരുക്ക്

മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് ഭൂമികുഴിച്ച് നിധിതേടിയവര്‍ക്കെതിരെ പൊലീസ് അന്വേഷണം. കോഴിക്കോട് അത്തോളി വേളൂരിലാണ് ആളൊഴിഞ്ഞ സ്ഥലത്തെ മണ്ണ് നീക്കി നിധിശേഖരം കണ്ടെത്താന്‍ യുവാക്കള്‍ ശ്രമിച്ചത്. വിവിധ കച്ചവട സ്ഥാപനങ്ങളുള്ള കല്ലായി, പയ്യാനക്കല്‍ സ്വദേശികളില്‍ നിന്ന് ഇക്കാര്യത്തില്‍ അത്തോളി പൊലീസ് വിശദമായ മൊഴിയെടുത്തു.  

ചെരുപ്പ് കമ്പനിയിലെ മാലിന്യം കുഴിച്ചുമൂടാനെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു. ശ്രദ്ധയെത്താതിരിക്കാന്‍ നാലുവശത്തും ഷീറ്റുപയോഗിച്ച് മറച്ചു. ഈന്ത് മരത്തിന് ചുവട്ടിലായുള്ള കുഴിയെടുക്കല്‍ ഏറെനാള്‍ നീണ്ടു. യന്ത്രസഹായം ഒഴിവാക്കി വിശ്വസ്തരായ തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു ഖനനം നടത്തിയിരുന്നത്. നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചതോടെ രാപ്പകലില്ലാതെ പുരോഗമിച്ചിരുന്ന  പണികള്‍ നിര്‍ത്തി യുവാക്കള്‍ തടിയൂരി. അത്തോളി പൊലീസിന്റെ അന്വേഷണത്തില്‍ മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് പാട്ടത്തിനെടുത്ത ഭൂമിയില്‍ നിധി തേടുകയായിരുന്നു ലക്ഷ്യമെന്ന് മനസിലായി. 

വേളൂര്‍ സ്വദേശി മൂസയുടെ ഉടമസ്ഥതയിലുള്ളതാണ് ഭൂമി. ഇദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ് മണ്ണെടുത്തിരുന്നതെന്നാണ് പ്രാഥമിക നിഗമനം. യാതൊരു നിര്‍മാണത്തിനും അനുമതി നല്‍കിയിട്ടില്ലെന്നാണ് അത്തോളി ഗ്രാമപഞ്ചായത്തിന്റെ വിശദീകരണം. കല്ലായി കിഴിപ്പറമ്പ്, പയ്യാനക്കല്‍ സ്വദേശികളായ യുവാക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. സമഗ്ര അന്വേഷണം നടത്തുമെന്ന് അത്തോളി പൊലീസ് അറിയിച്ചു.