ചികില്‍സാപിഴവിനെതിരെ പരാതി നൽകി; ഡോക്ടർ കുടുംബത്തെ മര്‍ദിച്ചതായി പരാതി

മലപ്പുറം പൊന്നാനിയില്‍ ഡോക്ടര്‍ക്കെതിരെ ചികില്‍സാപിഴവ് ആരോപിച്ച കുടുംബത്തെ മര്‍ദിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതി. പൊന്നാനി കമ്മാന്‍ വളവ് സ്വദേശി അബ്ദുള്‍ ജബാറിനാണ് മര്‍ദനമേറ്റത്. ഡോക്ടര്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് മര്‍ദിച്ചത്.എന്നാല്‍ ഈ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ഡോക്ടറുടെ വിശദീകരണം. 

ഒന്നര വര്‍ഷം മുമ്പാണ് അബ്ദുള്‍ ജബാറിന്റെ മകന് ചികില്‍സക്കിടെ കാഴ്ച ശക്തി നഷ്ടപ്പെട്ടത്.ഡോക്ടര്‍ മരുന്ന് മാറി നല്‍കിയതാണ് കാഴ്ച ശക്തി നഷ്ടപ്പെടാന്‍ കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.. പ്രശ്നം പരിഹരിക്കാന്‍ ഒത്തു തീര്‍പ്പു ചര്‍ച്ചകള്‍ നടന്ന സാഹചര്യത്തില്‍ കുടുംബം പരാതിയുമായി മുന്നോട്ടു പോയില്ല. എന്നാല്‍ ഒരു ചികില്‍സാ സഹായവും ഇവര്‍ക്ക് ഇതുവരെ ലഭിച്ചില്ല. ചികില്‍സിച്ച ഡോക്ടര്‍ സലീമിന്റെ പേരുപറഞ്ഞ് രണ്ടു മാസം മുമ്പ്  ഒരാള്‍ വീട്ടിലെത്തുകയും ,കുട്ടിയുടെ വീഡിയോ എടുത്ത് കാഴ്ചശക്തിക്ക് കുഴപ്പമൊന്നുമില്ലെന്ന്  സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.ഇതിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മര്‍ദനം.