ഉറങ്ങിക്കിടന്ന കുട്ടികളുടെ ആഭരണങ്ങൾ കവർന്നു; ദൃശ്യങ്ങൾ ലഭിച്ചിട്ടും ഇരുട്ടിൽത്തപ്പി പൊലീസ്

കോഴിക്കോട് താമരശേരി തച്ചംപൊയിലില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടികളുടെ സ്വര്‍ണാഭരണം കവര്‍ന്ന കേസിലെ പ്രതിയെ  പിടികൂടാനാകാതെ പൊലീസ്.  ജനലിന്റെ ഉള്ളിലൂടെ അകത്ത് പ്രവേശിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സമീപത്തെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ചിലരിലേക്ക് എത്തിച്ചെങ്കിലും  കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല 

മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്ത നിരാശയിലാണ് പൊലീസ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കവര്‍ച്ച നടന്നത്. വീടിന്‍റെ മുകള്‍ഭാഗത്ത് ജനലിന്‍റെ  വിടവാണ് മോഷ്ടാക്കള്‍ക്ക് തുണയായയത്. ഈ വിടവിലൂടെ ജനലിന്‍റെ കൊളുത്തുമാറ്റാനും മോഷ്ടാവിന് വളരെവേഗത്തില്‍ കഴിഞ്ഞു.  ജനലിന്‍റെ അഴിയില്ലാത്ത ഭാഗത്തുകൂടി അകത്തിറങ്ങിയ മോഷ്ടാവ്  കിടന്നുറങ്ങുകയായിരുന്നു  ഹസന്‍റെ ചെറുമക്കളുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്.  പുലര്‍ച്ചെ രണ്ട് പതിനൊന്നിന് വീടിന്‍റെ മുന്‍ വാതില്‍  അകത്തുനിന്ന് തുറന്ന് മോഷ്ടാവ് പുറത്തിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.  

വളരെ വേഗത്തില്‍ മോഷ്ടാവ് സ്വര്‍ണം കവര്‍ന്ന് പുറത്തിറങ്ങിയതു കൊണ്ട് വ്യക്തമായ ആസൂത്രണത്തിനുശേഷമാണ് കവര്‍ച്ചയെന്നും പൊലീസ് അനുമാനിക്കുന്നു. വീടുമായി ബന്ധമുള്ളവരേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. മൂന്ന് പവനിലധികം തൂക്കമുള്ള ആഭരണങ്ങള്‍ നഷ്ടപ്പെട്ടെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. ഇതരസംസ്ഥാനതൊഴിലാളികളല്ല വീട് കൃത്യമായി അറിയാവുന്ന ആരോആണ് മോഷ്ണത്തിന് പിന്നിലെന്ന് നിഗമനത്തിലാണ് അന്വേഷണസംഘം. താമരശേരി പൊലീസാണ്  കേസ് അന്വേഷിക്കുന്നത്.