ത്യാഗരാജൻ മോശമായി പെരുമാറിയെന്നും ശമ്പളം നൽകിയില്ലെന്നും വെളിപ്പെടുത്തൽ

കോളിവുഡിൽ വീണ്ടും മീ ടു വെളിപ്പെടുത്തൽ. നടനും സംവിധായകനുമായ ത്യാഗരാജൻ മോശമായി പെരുമാറിയെന്നും വഴങ്ങാതെ വന്നപ്പോൾ   ശമ്പളം പോലും നൽകാതെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടെന്നും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി  ഫൊട്ടൊഗ്രഫർ പ്രതിക മേനോൻ ആരോപിച്ചു. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണു ആരോപണമുന്നയിച്ചത്. 

ഗായിക ചിൻമയി ശ്രീപാദ ഉയർത്തിയ മീടു ആരോപണത്തിന്റെ ചൂടാറും മുമ്പാണ് പുതിയ വെളിപ്പെടുത്തൽ. 2010 ൽ മകൻ പ്രശാന്തിനെ നായകനായി ത്യാഗരാജൻ സംവിധാനം ചെയ്ത പൊന്നാർ ശങ്കർ എന്ന ചിത്രത്തിന്റെ സെറ്റിലാണു സംഭവം. ഒരു സുഹൃത്തു വഴിയാണു താൻ സിനിമയുടെ ഭാഗമായതെന്നും ആദ്യം മുതൽ അദ്ദേഹത്തെ ചുറ്റി പറ്റി നിൽക്കാൻ ത്യാഗരാജൻ തന്നോടു പറഞ്ഞെന്നും പ്രതിക പറയുന്നു. തായ് ലാൻഡിലെ മസാജ് ചെയ്യുന്ന സ്ത്രീകളെക്കുറിച്ചും മറ്റും സംസാരിച്ചു. ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ അദ്ദേഹത്തിനടുത്തു തന്നെ ഇരിക്കാൻ നിർബന്ധിച്ചു.  ഒരു രാത്രിയിൽ മൂന്നു തവണ തന്റെ മുറിയിൽ പ്രവേശിക്കാൻ അദ്ദേഹം ശ്രമിച്ചെന്നും പുലർച്ചെ രണ്ട് മണിക്കും  നാലു മണിക്കുമൊക്കെ വന്നു വാതിലിൽ മുട്ടിയിട്ടുണ്ടെന്നും പ്രതികമേനോൻ ഫേസ്ബുക്കിൽ കുറിച്ചു. പേടിച്ചരണ്ട താൻ സുഹൃത്തിനെ ഫോണിൽ വിളിച്ചു സംസാരിച്ചു കൊണ്ടിരുന്നു. അന്നു പുലർച്ചെ ആറു വരെ തനിക്കു ഉറങ്ങാനായില്ലെന്നും യുവതി ആരോപിക്കുന്നു. സെറ്റിൽ കണ്ടപ്പോൾ മുറി തുറക്കാത്തിനു തന്നോട് ദേഷ്യപ്പെട്ടു. വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ ശമ്പളം പോലും നൽകാതെ  തന്നെ സെറ്റിൽ നിന്നു  പുറത്താക്കി. ശമ്പളം ലഭിക്കുന്നതിനു വേണ്ടി  പല തവണ ഫോൺ ചെയ്തെങ്കിലും ഫലമുണ്ടായില്ലെന്നു പോസ്റ്റിൽ പ്രതിക ആരോപിക്കുന്നുണ്ട്. ആരോപണത്തെ കുറിച്ച് ത്യാഗരാജൻ പ്രതികരിച്ചിട്ടില്ല. കവിയും ഗാനരചയിതാവുമായ വൈരമുത്തു, നടൻ രാധാ രവി, ഗായകൻ കാർത്തിക് തുടങ്ങിയവർക്കെതിരെ എല്ലാം കോളിവുഡിൽ മീടു ആരോപണം നിലനിൽക്കുന്നുണ്ട്.