ആലത്തൂരില്‍ എടിഎം മോഷണശ്രമം; രണ്ടു പേര്‍ അറസ്റ്റിൽ

പാലക്കാട് ആലത്തൂരില്‍ എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ഉപകരണങ്ങള്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ അഴിച്ചെങ്കിലും പണം എടുക്കാന്‍ മോഷ്ടാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. 

ആലത്തൂർ തൃപ്പാളൂരിലാണ് എസ്ബിഐ എടിഎം കുത്തിതുറന്ന് മോഷണത്തിന് ശ്രമിച്ചത്. ആലത്തൂര്‍ പുതിയങ്കം െതക്കുമുറി സ്വദേശികളായ ആഷിഖ് ‌,അജീഷ് എന്നിവരെയാണ് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പതിനേഴിന് രാത്രിയിലായിരുന്നു സംഭവം. എടിഎം കൗണ്ടറിലെ ക്യാമറ അഴിച്ചുമാറ്റിയ പ്രതികള്‍ ദൃശ്യങ്ങൾ പതിയുന്നത് തടഞ്ഞു. ഹെൽമെറ്റ് , കൈയ്യുറ , പുറംചട്ട എന്നിവ ധരിച്ചാണ് മോഷണം നടത്താന്‍ ശ്രമിച്ചത്.  ഇരുമ്പ് ദണ്ഡ്, സ്ക്രൂ ഡ്രൈവർ, ചുറ്റിക, സ്പാനർ, എന്നിവ ഉപയോഗിച്ച് എടിഎം മെഷീന്‍  തുറന്നെങ്കിലും പണം എടുക്കാൻ കഴിഞ്ഞില്ല. 

കെട്ടിടത്തിലെ മറ്റൊരു ക്യാമറയില്‍ പതിഞ്ഞ സിസിടിവി ദ്യശ്യങ്ങള്‍ പ്രകാരമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. മാസങ്ങള്‍ക്ക് മുന്‍പ് വാളയാറിലും കുഴല്‍മന്ദത്തും നടന്ന എടിഎം മോഷണങ്ങളുമായി പ്രതികള്‍ക്ക് ബന്ധമില്ലെന്നാണ് അന്വേഷണസംഘം വിലയിരുത്തല്‍. കഴിഞ്ഞ 12 ന് തൃശൂര്‍ കൊരട്ടിയിലും കൊച്ചിയിലെ തൃപ്പൂണിത്തുറയിലും എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നിരുന്നു. ഇൗ കേസില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി അന്വേഷണം തുടരുന്നതിനിടെയായിരുന്നു ആലത്തൂരിലെ മോഷണശ്രമം.