ആളുമാറി കൊലപാതകം; അന്വേഷണത്തില്‍ അപാകതയെന്നു ആരോപണം

മാനന്തവാടി തലപ്പുഴയിലെ ആളുമാറി കൊലപാതകക്കേസ് അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് ആരോപണം ശക്തമാകുന്നു. അന്വേഷണ ഏജന്‍സിയെ മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.  അച്ചനും മകനും ബന്ധുവും മദ്യം കഴിച്ചതിന് ശേഷം കുഴഞ്ഞു വീണുമരിച്ച സംഭവത്തില്‍ മാനന്തവാടി സ്വദേശിയായ സന്തോഷ് കുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തലപ്പുഴയില്‍ പൂജാകര്‍മ്മവും മന്ത്രവാദവും നടത്തുന്ന തികിനായി മകന്‍ പ്രമോദ് ബന്ധു പ്രസാദ് എന്നിവരാണ് വിദേശ നിര്‍മ്മിതമദ്യം കഴിച്ചതിനു ശേഷം കുഴഞ്ഞുവീണ് മരിച്ചത്. ആദ്യം മാനന്തവാടി ഡിവൈഎസ്പി കെ.എം ദേവസ്യയായിരുന്നു കേസ് അന്വേഷിച്ചത്.

പട്ടികവാര്‍ഗവിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ചത്. കൊലപാതകമാണെന്ന് ഏകദേശം ഉറപ്പിച്ചതോടെ കേസ് പട്ടികവര്‍ഗക്കാക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്ന സ്പെഷല്‍ മൊബൈല്‍ സ്ക്വാഡിന് കൈമാറി. തികിനായിക്ക് വിഷം കലര്‍ത്തിയ മദ്യം കൊടുത്ത മാനന്തവാടി സ്വദേശി സജിത് കുമാറിനെ ഒഴിവാക്കിയ സാഹചര്യത്തിലാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.

സജിത്തിനെ കൊലപ്പെടുത്താന്‍ മാനന്തവാടിയെ സ്വര്‍ണാഭരണ തൊഴിലാളിയായ സന്തോഷ് കുമാര്‍ വിഷം കലര്‍ത്തിയ മദ്യം നല്‍കി എന്നാണ് പൊലീസ് കണ്ടെത്തല്‍. വിഷമദ്യമാണെന്നറിയാതെ സജിത്കുമാര്‍ കുപ്പി തികിനായിക്ക് നല്‍കുകയായിരുന്നു.

ബന്ധുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരനായതും പിരിഞ്ഞു കഴിയുന്ന തന്റെ ഭാര്യയുമായി സജിത് കുമാര്‍ സൗഹൃദം സ്ഥാപിച്ചതുമാണ് സന്തോഷ് കുമാറില്‍ പകവരാന്‍ കാരണമായി പൊലീസ് പറയുന്നത്. ഇതുപ്രകാരം സന്തോഷ് കുമാറിനെ അറസ്റ്റ് ചെയ്യുകയും സജിത്തിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. എഫ്ഐആറില്‍ പേരുണ്ടായിരുന്ന സജിത്തിനെ ഒഴിവാക്കിയതിന് എതിരെയാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പരാതി. 

മൂന്നു പേര് മരിച്ച സംഭവമായിട്ടും പൊലീസ് അന്വേഷണം ഗൗരവമില്ല. അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിന്റെ ഭാഗമായി കൊല്ലപ്പെട്ടവരുടെ വീട്ടില്‍ എത്തിച്ചിട്ടില്ല. തികിനായിയുടെ ഭാര്യ ഭാരതിയും പ്രസാദിന്റെ അമ്മ കല്യാണിയും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുമ്പ് സന്തോഷിന്റെ ബന്ധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സജിത്തിന് പങ്കുണ്ട്. ഇതും അന്വേഷിക്കണമെന്ന് ആവശ്യം ഉയരുന്നു. വിഷമദ്യമാണന്നറിയാതെയാണ് സജിത് തികിനായിക്ക് മദ്യം നല്‍കിയെതെന്നും അതിനാലാണ് പ്രതിയാകാത്തതെന്നുമാണ് എസ്.എം.എസ് ഡിവൈഎസ്പി പറയുന്നത്.