ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു; പ്രതിയെ ബുധനാഴ്ച തൂക്കിക്കൊല്ലും

പാക്കിസ്ഥാനിൽ ഏഴ് വയസുകാരിയെ ക്രുരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ബുധനാഴ്ച തൂക്കി കൊല്ലും. 23കാരനായ ഇമ്രാന്‍ അലിക്കാണ് പാക്കിസ്ഥാൻ കോടതി വധശിക്ഷാ വിധിച്ചത്. ഈ വർഷം ജനുവരിയിലാണ് ഇമ്രാൻ ഏഴ് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇതേ തുടർന്ന് രാജ്യത്ത് വൻപ്രതിഷേധം ഉയർന്നിരുന്നു. അന്താരാഷ്ട്രമാധ്യമങ്ങളും ഇൗ പ്രതിഷേധം വാർത്തയാക്കിയതോടെ ലോകശ്രദ്ധ നേടിയ കേസിലാണ് സുപ്രധാനവിധി നടപ്പാക്കാൻ പോകുന്നത്.  ലാഹോർ സെൻട്രൽ ജയിലിൽ വച്ചാകും പ്രതിയുടെ വധശിക്ഷ നടപ്പാക്കുക.

ലാഹോർ ഭീകര വിരുദ്ധ കോടതിയിലെ ജഡ്ജായ ഷൈഖ് സജ്ജാദ് അഹമ്മദാണ് വധശിക്ഷ വിധിച്ചത്. ഇമ്രാന്‍ അലിയുടെ ദയാഹര്‍ജി ഒക്ടോബര്‍ 10ന് പ്രസിഡന്റ് ആരിഫ് അല്‍വി തളളിയിരുന്നു. ഇയാള്‍ ഒട്ടേറെ പീഡനക്കേസുകളിലും കൊലപാതകക്കേസുകളിലും പ്രതിയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. മദ്രസയിൽ ട്യൂഷന് പോയ പെൺകുട്ടിയെ ഏറെ വൈകിയും തിരിച്ചെത്തിയില്ല.  ഇതേ തുടർന്ന് ബന്ധുക്കള്‍ ലാഹോർ പൊലീസിൽ പരാതി നൽകുകയും അന്വേഷണത്തിൽ ഇമ്രാൻ അലി കുട്ടിയെ തട്ടി കൊണ്ടു പോയെന്നും പൊലീസ് കണ്ടെത്തി. കുട്ടിയെയും കൊണ്ട് ഇയാൾ പോകുന്ന സിസിടിവി ദൃശ്യമാണ് പൊലീസിന് നിർണായക തെളിവായത്. കുട്ടിയുടെ മാതാപിതാക്കള്‍ ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയില്‍ പോയ സമയത്ത് കുട്ടി മാതൃസഹോദരിക്കൊപ്പമായിരുന്നു താമസം.

പിന്നാലെ നടത്തിയ അന്വേഷണത്തിൽ ജനുവരി 9ന് പെണ്‍കുട്ടിയുടെ മൃതദേഹം ചവറ്റുകൂനയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തി. ഇമ്രാൻ അലിയ്ക്കെതിരായ ഒമ്പത് കേസുകളിൽ ഒന്നിന് മാത്രമാണ് കോടതി തീർപ്പ് കൽപിച്ചിരിക്കുന്നത്.