കാസർകോട് വൻ ലഹരിമരുന്ന് വേട്ട; പിടിച്ചത് 9 ലക്ഷം രൂപ വിലയുള്ള ഹാഷിഷ് ഓയിൽ

കാസർകോട് നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട. ഒൻപത് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു പേരെ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു.കാസർകോട് നായന്മാർമൂല സ്വദേശി ഫൈസൽ, കുമ്പള സ്വദേശി മുസ്തഫ എന്നിവരെയാണ് പിടികൂടിയത്. 

കാസർകോട് സി ഐ അബ്ദുൾ റഹീമിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെമ്മനാട് പാലത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട കാറിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. 450 ഗ്രാം ഹഷീഷ് ഓയിൽ ഇവരിൽ നിന്ന് കണ്ടെടുത്തു. ഗൾഫിലേയ്ക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന നിഗമനത്തിലാണ് പൊലീസ്. ടൗൺ എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

പിടിയിലായ ഫൈസൽ നേരത്തെ കഞ്ചാവ് കേസിൽ ഉൾപ്പെട്ടിരുന്നെന്ന് പൊലീസ് പറയുന്നു.ഹാഷിഷ് ഓയിൽ എവിടെ നിന്നാണ് എത്തിച്ചതെന്ന കാര്യം പ്രതികൾ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യലിൽ ജില്ലയിൽ വേരൂന്നിയ ലഹരിമരുന്ന് മാഫിയയെക്കുറിച്ച് കൃത്യമായ സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.