വാടക വീട്ടില്‍ വ്യാജമദ്യ നിര്‍മാണ യൂണിറ്റും മൊത്തവിതരണ കൗണ്ടറും; യുവാവ് പിടിയിൽ

വാടക വീട്ടില്‍ വ്യാജമദ്യ നിര്‍മാണ യൂണിറ്റും മൊത്തവിതരണ കൗണ്ടറും പ്രവര്‍ത്തിപ്പിച്ചിരുന്ന യുവാവ് കോഴിക്കോട് കുന്ദമംഗലത്ത് അറസ്റ്റില്‍. ഇരിട്ടി സ്വദേശി ഷിനു എന്ന ജിനോ സെബാസ്റ്റ്യനെയാണ് എക്സൈസ് സംഘം പിടികൂടിയത്. വിതരണത്തിനായി തയാറാക്കിയിരുന്ന 620 ലീറ്റര്‍ വ്യാജമദ്യവും ലേബലും നിര്‍മാണസാധനങ്ങളും കണ്ടെടുത്തു. 

ആളൊഴിഞ്ഞ സ്ഥലത്തെ വലിയവീട്. നാല് മാസം മുന്‍പ് ഉടമ ചോദിച്ച പതിനായിരം രൂപ വാടകയില്‍ ഉറപ്പിച്ചു. ജിനോയുടെ പിന്നീടുള്ള ജോലികള്‍ ആരെയും അതിശയപ്പെടുത്തുന്നതായിരുന്നു. പ്രത്യേക മുറിയില്‍ മദ്യനിര്‍മാണ പ്ലാന്റ് തയാറാക്കി. മംഗലാപുരത്ത് നിന്ന് സ്പിരിറ്റ് എത്തിക്കലും മദ്യം തയാറാക്കലും സീല്‍ ചെയ്തുള്ള വിതരണവുമെല്ലാം ഒറ്റയ്ക്കായിരുന്നു. മുന്തിയ കമ്പനികള്‍ തയാറാക്കുന്നതിനെക്കാള്‍ മികച്ചനിലയില്‍ വ്യാജനുണ്ടാക്കിയുള്ള  വില്‍പന. രണ്ടാഴ്ച മുന്‍പ് വ്യാജമദ്യവുമായി കുന്ദമംഗലത്ത് പിടിയിലായ യുവാവാണ് ജിനോയുടെ അറസ്റ്റിന് വഴിതുറന്നത്. അന്വേഷണത്തില്‍ മൊത്തക്കച്ചവടക്കാരനെക്കുറിച്ചുള്ള കൃത്യമായ വിവരം കിട്ടി. പുലര്‍ച്ചെ വീട് വളഞ്ഞ് എക്സൈസ് സംഘം ജിനോയെ പിടികൂടുകയായിരുന്നു.  

നിര്‍മാണത്തിനായി തയാറാക്കിയിരുന്ന 420 ലിറ്റര്‍ സ്പിരിറ്റും വില്‍പനക്കായി തയാറാക്കിയ ഇരുന്നൂറ് ലിറ്റര്‍ മദ്യവുമാണ് പിടികൂടിയത്. ഉല്‍പാദനവും വിതരണവും മറ്റാരുടെയും സഹായമില്ലാതെ ചെയ്തിരുന്നുവെന്നാണ് ജിനോയുടെ മൊഴി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.