വിഷത്തിൽ ഇഞ്ചിയും മഞ്ഞളും തുളസിയും; മാരിയമ്മയെ തേടി പൊലീസ്

ആലുങ്ങലിൽ പാനീയം നൽകി കവർച്ച നടത്തിയെന്നു കരുതുന്ന വേലക്കാരി സ്വയം പരിചയപ്പെടുത്തിയത് പൊള്ളാച്ചി സ്വദേശിനി മാരിയമ്മയെന്ന്. കുടുംബ സുഹൃത്തായ ആലിങ്ങൽ സ്വദേശി വഴിയാണ് മറ്റൊരാൾ വേലക്കാരിയെ തരപ്പെടുത്തിക്കൊടുത്തത്. 

ചുരുങ്ങിയസമയം കൊണ്ടു മാരിയമ്മ വിശ്വാസ്യത പിടിച്ചു പറ്റി. ആദ്യം ഭക്ഷണം പാകംചെയ്യുന്നതൊഴികെയുള്ള ജോലികളാണ് ചെയ്തിരുന്നത്.  മൂന്നു ദിവസം മുൻപു മാത്രം എത്തിയ ജോലിക്കാരി കഴിഞ്ഞ ദിവസമാണ് പാചകത്തിൽ സഹായിച്ചുതുടങ്ങിയത്.

വേലക്കാരിയെ എത്തിച്ചു നൽകിയ സേലം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്‌തു. ഇന്നലെ പുലർച്ചെ 5 മണിയോടെ തമിഴ്‌നാട് സ്വദേശിനിയായ സ്‌ത്രീയെ തലയിൽ മുണ്ടിട്ട നിലയിൽ ചിലർ ആലിങ്ങൽ റോഡിൽ കണ്ടതായി വിവരമുണ്ട്.

മരുന്നെന്ന് പറഞ്ഞു നൽകി; വീട്ടുകാരുടെ ബോധം പോയി

വീട്ടുകാരെ അബോധാവസ്ഥയിലാക്കാൻ വേലക്കാരി നൽകിയത് ഇഞ്ചിയും തുളസിയും മഞ്ഞളും ചേർത്ത പാനീയം. വയറിനു നല്ലതാണെന്നു പറഞ്ഞ് ശനിയാഴ്ച രാത്രി പത്തോടെയാണ് ഭക്ഷണത്തിനു ശേഷം പാനീയം നൽകിയത്. വിഷവസ്‌തു കലർത്തി രുചി അറിയാതിരിക്കാൻ വേണ്ടിയാണ് ഇഞ്ചിയും മഞ്ഞളും കലർത്തിയതാണെന്നാണ് പൊലീസ് കരുതുന്നത്.

ഇന്നലെ രാവിലെ 8ന്, അയൽവാസി വീട്ടുകാരെ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനാൽ നേരിട്ട് വീട്ടിൽ എത്തി, നോക്കുകയായിരുന്നു. പിൻവാതിൽ തുറന്നുകിടക്കുന്നതും ഗൃഹനാഥൻ ഖാലിദ് അബോധാവസ്‌ഥയിൽ കിടക്കുന്നതും കണ്ടു. ഇതോടെ പരിസരവാസികളെത്തി വീട് പരിശോധിച്ചു. ഭാര്യ സൈനബയെയും മകൾ ഫിദയും ബോധമില്ലാതെ കിടക്കുന്നതാണു കണ്ടത്. 

തിരൂർ ത‌ൃപ്രങ്ങോട് ആലിങ്ങൽ എടശ്ശേരി ഖാലിദ് അലിയുടെ വീട്ടിലാണു കവർച്ച നടന്നത്. ഖാലിദ് അലി, ഭാര്യ സൈനബ, മകൾ ഫിദ എന്നിവർക്ക് ഇഞ്ചിയും മഞ്ഞളും തുളസിയും ചേർത്ത പാനീയത്തിൽ മയങ്ങാനുള്ള വസ്തു കലർത്തി നൽകിയ ശേഷമാണു കവർച്ച. ആശുപത്രിയിൽ ബോധം തിരിച്ചുകിട്ടിയ ഫിദയാണ് പാനീയം നൽകിയ വിവരം പൊലീസിനെ അറിയിച്ചത്. 3 ദിവസം മുൻപാണ് മാരിയമ്മ ഇവിടെ ജോലിക്കെത്തിയത്. ഇവരെ എത്തിച്ചുനൽകിയ സേലം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. 

ഇന്നലെ രാവിലെ വാതിൽ തുറന്നുകിടക്കുന്നതു കണ്ട് അന്വേഷിക്കാൻ ചെന്ന അയൽവാസികളാണ് ഖാലിദും ഭാര്യയും മകളും അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. സൈനബയും ഫിദയും അണിഞ്ഞിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. അലമാര തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.