അണക്കെട്ടിന്റെ വൃഷ്ഠിപ്രദേശത്ത് മാലിന്യം നിക്ഷേപിച്ചതിന് പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്

തിരുവനന്തപുരം അരുവിക്കരയില്‍ അണക്കെട്ടിന്റെ വൃഷ്ഠിപ്രദേശത്ത് മാലിന്യം നിക്ഷേപിച്ചതിന് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്. സ്വകാര്യ ആവശ്യത്തിന് വാട്ടര്‍ അതോറിറ്റിയുടെ സ്ഥലത്തിലൂടെ വഴി വെട്ടിയതിന് മുമ്പും പ്രസിഡന്റിനെതിരെ പരാതിയുയര്‍ന്നിട്ടുണ്ട്.   

കഴിഞ്ഞമാസമായിരുന്നു വാട്ടര്‍ അതോറിട്ടിയുടെ  സ്ഥലം കയ്യേറി മാലിന്യം നിക്ഷേപിച്ചതിന് കോണ്‍ഗ്രസ്സുകാരനായ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തത്. തുടര്‍ന്നുള്ള പരിശോധനയില്‍ സ്വകാര്യ ആവശ്യത്തിനായി സ്ഥലത്ത് മണ്ണിട്ടുമൂടിയതായും കണ്ടെത്തി. പരാതിയുയര്‍ന്നതോടെ പണി നിര്‍ത്തിവച്ചെങ്കിലും  കഴിഞ്ഞദിവസം മണ്ണുമാന്തിയന്ത്രമുപയോഗിച്ച് വീണ്ടും പണികള്‍ പുനരാരംഭിക്കുകയായിരുന്നു. നടപ്പാത മാത്രമുണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ ആറടിയില്‍കൂടുതലാണ് വഴിയുടെ വീതി. 

സ്ഥലപരിശോധന നടത്തിയ വാട്ടര്‍ അതോറിട്ടി ഉദ്ദ്യോഗസ്ഥരെ ശശി ഭീഷണിപെടുത്തിയെന്നും ഇവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ രാഷ്ട്രീയമായി തന്നെയില്ലാതാക്കാനാണ് ഈ ആരോപണങ്ങളെന്നാണ് ശശിയുടെ പക്ഷം.