സഹോദരിമാരെ ശല്യപ്പെടുത്തുന്നുവെന്ന് പരാതി നൽകിയ യുവാവിന് വെട്ടേറ്റു; ഒരാൾ അറസ്റ്റിൽ

കൊല്ലം കുണ്ടറയില്‍ സഹോദരിമാരെ ശല്യപ്പെടുത്തുവെന്ന് പൊലീസില്‍ പരാതി നല്‍കിയ യുവാവിനെ വെട്ടിപരുക്കേല്‍പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഒളിവിലുള്ള മറ്റ് രണ്ടു പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. ക്രിമിനല്‍ സംഘത്തിന്റെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റ നിര്‍ധന യുവാവ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

കുണ്ടറ കൊറ്റങ്കര സ്വദേശിയായ രാഹുലിനെയാണ് മൂന്നംഗസംഘം വെട്ടിപരുക്കേല്‍പ്പിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചേ നാലുമണിയോടെ കതക് ചവട്ടിപൊളിച്ചാണ് സംഘം വീടിനകത്തുകയറിയത്. ഉറങ്ങി കിടന്നിരുന്ന  യുവാവിനെ വാളുകൊണ്ട് വെട്ടുകയായിരുന്നു. രാഹുലിനെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഖിൽ , മണികണ്ഠൻ , പ്രസാദ് എന്നിവര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. മൂന്നാം പ്രതി പ്രസാദിനെ പിടികൂടി. മറ്റ് രണ്ടുപ്രതികളും ഒളിവിലാണ്. സഹോദരിമാരേ ശല്യപ്പെടുത്തിയതിന് പൊലീസില്‍ പരാതി നല്‍കിയതിനാണ് ക്രിമിനല്‍സംഘം വെല്‍ഡിങ് ജോലി ചെയ്ത് കുടുംബ പുലര്‍ത്തിയിരുന്ന നിര്‍ധനയുവാവിനെ ക്രൂരമായി മര്‍ദിച്ചത്. സഹോദരിമാരെ നിരന്തരം ശല്യം ചെയ്യുന്നുവെന്ന രാഹുലിന്റെ പരാതിയില്‍ പൊലീസ് ഒരു നടപടിയുമെടുത്തില്ലെന്നും ആക്ഷേപമുണ്ട്.