കൊല്ലത്തെ നടുക്കിയ കൊലയ്ക്കു പിന്നിൽ ഒമ്പത് വർഷത്തെ പക; നാടകീയം

തന്റെ ഭാര്യയെ കൂട്ടിക്കൊണ്ടുപോയി ഒപ്പം പാർപ്പിക്കുന്നുവെന്ന വൈരാഗ്യത്തിനു ഗുണ്ടാസംഘം നേതാവും സംഘവും യുവാവിനെ കൊലപ്പെടുത്തിയത് ഒൻപതു വർഷത്തോളം മനസ്സിൽ കാത്തുസൂക്ഷിച്ച പകയ്ക്കൊടുവിൽ. രഞ്ജിത്ത് ജോൺസന്റെ കൊലപാതകത്തിലേക്കു നയിച്ചതു മുഖ്യപ്രതി മനോജിന്റെ പക തന്നെയായിരുന്നുവെന്നു പൊലീസ് പറയുന്നു. മനോജിന്റെ ഉപദ്രവം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഭാര്യ ഭർത്താവിന്റെ പഴയകാല സുഹൃത്തായ രഞ്ജിത് ജോൺസണിന്റെ സംരക്ഷണയിൽ കഴിഞ്ഞത്.

ഒൻപതു വർഷമായി ഇവർ ഒരുമിച്ചായിരുന്നു. എന്നാൽ സുഹൃത്തിന്റെ ഭാര്യയുമായുള്ള മകന്റെ ബന്ധത്തിനു രഞ്ജിത്തിന്റെ മാതാപിതാക്കൾക്കു നീരസമുണ്ടായിരുന്നു. ഇതുമൂലം ഇരുവരും കുടുംബവീട്ടിൽ താമസം കുറവായിരുന്നു. കുറച്ചു നാൾ മുൻപു വരെ വാടകവീടെടുത്താണ് ഇരുവരും താമസിച്ചത്. യുവതി കൂടുതൽ ദിവസവും ജോലിസ്ഥലത്തായിരുന്നതിനാൽ ര‍ഞ്ജിത് ജോൺസൺ കുടുംബവീട്ടിൽ മുന്തിയ ഇനം പ്രാവുകൾ, മുയലുകൾ എന്നിവയുടെ കച്ചവടവുമായി ഒതുങ്ങിക്കൂടുകയായിരുന്നു.

തനിക്കെതിരെ മനോജിൽ നിന്നു വധഭീഷണിയുണ്ടെന്ന് മനസ്സിലാക്കിയ രഞ്ജിത് ജോൺസണിന് ഏറെ വർഷങ്ങളായി വീട്ടിനു പുറത്തുള്ള സഹകരണം കുറവായിരുന്നു. രഞ്ജിത്തിനെ എങ്ങനെയും വക വരുത്തുക എന്ന ലക്ഷ്യത്തോടെ ഒൻപതു വർഷമായി പക മനസ്സിലിട്ടു നടന്ന മനോജ് ഒടുവിൽ കഴിഞ്ഞ 15നു കൃത്യം നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായാണു പ്രാവിനെ വാങ്ങാനെന്നുള്ള വ്യാജേന മനോജ് തന്റെ സുഹൃത്തുക്കളെ രഞ്ജിത്തിന്റെ വീട്ടിലെത്തിച്ചത്.

പിന്നീട് മനോജ് തയാറാക്കിയ തിരക്കഥയനുസരിച്ചു കൊലപാതകം നടത്തുകയായിരുന്നെന്നാണു കസ്റ്റഡിയിലുള്ള മയ്യനാട് കൈതപ്പുഴി സ്വദേശി ഉണ്ണി മൊഴി നൽകിയത്. ഉണ്ണി നൽകിയ ആദ്യ മൊഴികൾ അന്വേഷണ സംഘത്തെ വട്ടം കറക്കിയിരുന്നു. രഞ്ജിത്തിനെ കാറിൽ നിന്ന് ഇത്തിക്കര ആറ്റിൽ തള്ളിയെന്നാണ് ഇയാൾ ആദ്യം മൊഴി നൽകിയത്. തുടർന്നു വിശദമായി നടന്ന ചോദ്യം ചെയ്യലിലാണു ചാത്തന്നൂർ പോളച്ചിറ ഏലയിൽ വച്ചാണു കൊലപാതകം നടത്തിയതെന്നു സമ്മതിച്ചത്.

വീണ്ടും പകയുടെ ചോരക്കഥ; വിറങ്ങലിച്ചു കൊല്ലം

കോളിളക്കമുണ്ടാക്കിയ കെവിൻ സംഭവത്തിനുശേഷം വീണ്ടും ഒരു തട്ടിക്കൊണ്ടുപോകൽ കൊലപാതകം. ഒടുങ്ങാത്ത പകയുടെ ചോരക്കഥയിൽ വിറങ്ങലിച്ചു കൊല്ലം. ഡീസന്റ്മുക്ക് സ്വദേശി രഞ്ജിത് ജോൺസന്റെ കൊലപാതകമാണു ജില്ലയെ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്.

കോട്ടയം സ്വദേശിയായ കെവിനെ സ്നേഹിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ഭാര്യയുടെ ബന്ധുക്കൾ ഇക്കഴിഞ്ഞ മേയിൽ ഗൂഢാലോചന നടത്തി തട്ടിക്കൊണ്ടു പോയി മർദിച്ച് അവശനാക്കുകയും പിന്നീടു തെന്മല ചാലിയക്കരയിൽ ആറിന്റെ സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയുമായിരുന്നു.

രഞ്ജിത്തിനെ ഇയാളുടെ ഒപ്പം ഇപ്പോൾ താമസിക്കുന്ന യുവതിയുടെ ഭർത്താവും കൂട്ടാളികളും ചേർന്നു തട്ടിക്കൊണ്ടു പോവുകയും ചാത്തന്നൂർ പോളച്ചിറയിൽ വച്ചു കൊലപ്പെടുത്തിയെന്നുമാണു പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഒട്ടേറെ കേസുകളിൽ പ്രതിയായ മയ്യനാട് സ്വദേശി മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ തട്ടിക്കൊണ്ടു പോയത്. മനോജിന്റെ ഭാര്യ ഏതാനും വർഷങ്ങളായി രഞ്ജിത്തിനൊപ്പം താമസിക്കുകയായിരുന്നു

സൗഹൃദത്തിൽ വിള്ളൽ വീഴ്ത്തിയത് മനോജിന്റെ ദാമ്പത്യപ്രശ്നം

 കൊല്ലപ്പെട്ട രഞ്ജിത്തും മുഖ്യപ്രതി മനോജും നല്ല അടുപ്പത്തിലായിരുന്നു. ഇവർക്കു വലിയൊരു സുഹൃദ്‌‌വലയവും ഉണ്ടായിരുന്നു. മനോജ് ഭാര്യയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. മനോജും ഭാര്യയും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കുന്നതു രഞ്ജിത്ത് ആയിരുന്നു.

മർദനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ അവരെ രഞ്ജിത്ത് കൂട്ടിക്കൊണ്ടു പോവുകയായിരുന്നെന്നു പറയുന്നു. രണ്ടു മക്കളെ ഉപേക്ഷിച്ചാണു രഞ്ജിത്തിന് ഒപ്പം കൂടിയത്. ഇതോടെ മനോജും രഞ്ജിത്തും തമ്മിൽ ശുത്രക്കളായി, സുഹൃദ് സംഘം രണ്ടു ചേരിയുമായി.

ഓഗസ്റ്റ് 15 ബുധൻ വൈകിട്ട് 3.30

പ്രാവ്, മുയൽ തുടങ്ങിയവയുടെ കച്ചവടം നടത്തുന്ന രഞ്ജിത് ജോൺസന്റെ കൊറ്റങ്കര പേരൂർ അയ്യർമുക്കിലുള്ള വീട്ടിൽ കാറിൽ നാലംഗ സംഘം എത്തുന്നു. പ്രാവിനെ വാങ്ങാനെന്ന പേരിൽ രണ്ടുപേർ വീട്ടിലേക്ക്. പ്രാവിനെ ഇഷ്ടപ്പെട്ടെന്നും ഒപ്പം വന്നാൽ വീട്ടിൽ നിന്നു പണം എടുത്തുതരാമെന്നും പറഞ്ഞു രഞ്ജിത്തിനെയും കൂട്ടി സംഘം കാറിൽ പുറപ്പെടുന്നു. ഓഫായ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഇട്ട ശേഷമാണു രഞ്ജിത്ത് ഇവർക്കൊപ്പം പോയത്.

4 മണി

ഡീസന്റ് ജംക്‌ഷനിലെത്തിയപ്പോൾ ഒരാൾ കൂടി കാറിൽക്കയറി. കൊട്ടിയം, ഇത്തിക്കര, ചാത്തന്നൂർ വഴി കാർ പോളച്ചിറ ഏലയിലെ വിജനമായ ഭാഗത്തേക്ക്. ഇവിടെ വച്ച് അടിച്ചും തൊഴിച്ചും കൊലപ്പെടുത്തി.

രാത്രി 8

മൃതദേഹം കാറിന്റെ പിൻസീറ്റിൽ ഇരുത്തി സംഘം തിരുവനന്തപുരം വഴി നാഗർകോവിലിലേക്ക്.

ഓഗസ്റ്റ് 16 വ്യാഴം പുലർച്ച

നാഗർകോവിൽ – തിരുനെൽവേലി റോഡിൽ തിരുനെൽവേലിക്ക് 15 കിലോമീറ്റർ മുൻപുള്ള സമുന്ദാപുരം പൊന്നക്കുടി എന്ന സ്ഥലത്തെ കുഴിയിൽ മൃതദേഹം തള്ളിയ ശേഷം മണ്ണിട്ടു മൂടി.

രാത്രി

സംഘം മടങ്ങി ചെങ്കോട്ടയിലെത്തിയപ്പോഴേക്കും കനത്ത മഴയെ തുടർന്നു ഗതാഗതം നിരോധിച്ചിരുന്നു. നാഗർകോവിൽ – തിരുവനന്തപുരം വഴി നാട്ടിലേക്കു മടങ്ങി.

ഓഗസ്റ്റ് 20 തിങ്കൾ

വൈകിട്ട് 3.30 – മകനെ കാണാനില്ലെന്നു കാട്ടി രഞ്ജിത്തിന്റെ അമ്മ ട്രീസ ജോൺസൺ കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി. അന്വേഷണം തുടങ്ങി ഉടൻ നിർണായക വിവരങ്ങൾ പൊലീസിനു കിട്ടുന്നു.

സെപ്റ്റംബർ 7 വെള്ളി

പുലർച്ചെ- കസ്റ്റഡിയിലെടുത്ത ഉണ്ണിയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രഞ്ജിത്തിന്റെ ബന്ധുക്കളെയും കൂട്ടി പൊലീസ് സംഘം സമുന്ദാപുരത്തേക്ക്. പൊന്നക്കുടിയിലെ പാറക്വാറി അവശിഷ്ടങ്ങൾ തള്ളുന്ന കുഴിയിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നു.

മനോജിനെതിരെ ഒട്ടേറെ കേസുകൾ

കുപ്രസിദ്ധ ഗുണ്ടയായ പാമ്പ് മനോജ് എന്ന മനോജ് പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസുകളിൽ പ്രതിയാണ്. ഇയാളും സംഘവും ജില്ലയിലെ പ്രധാന കഞ്ചാവു വിൽപനക്കാരാണെന്നാണു പൊലീസ് പറയുന്നത്. മനോജിനെതിരെ ഇരവിപുരം, കൊട്ടിയം പരവൂർ സ്റ്റേഷനുകളിൽ അടിപിടി കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇരവിപുരം സ്വദേശിയായ മനോജ് കൂടുതലായും പഠന കാലം മുതൽ‌  മയ്യനാട് കൈതപ്പുഴ ഭാഗത്താണു സൗഹൃദം ഉണ്ടാക്കിയിരുന്നത്. പല അക്രമ കേസുകളിലും പെട്ട് ഒളിവിൽ താമസിച്ചതും ഇവിടെയായിരുന്നു. ഇയാൾ ഇപ്പോൾ കണ്ണനല്ലൂരിൽ വാടക വീട്ടിലാണു താമസം. ഇപ്പോൾ അറസ്റ്റിലായ ഉണ്ണിയും മയ്യനാട് കൈതപ്പുഴ സ്വദേശിയാണ്. മനോജിനും സുഹൃത്തുക്കൾക്കുമായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.