വണ്ടിപ്പെരിയാറിൽ 74 കിലോ ചന്ദനവുമായി ആറു പേർ പിടിയിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ 74 കിലോ ചന്ദന തടിയുമായി ആറു പേരെ വനം വകുപ്പ് പിടികൂടി. പെരിയാർ കറുപ്പുപാലം സ്വദേശികളാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച ആട്ടോയും വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തു.

വണ്ടിപ്പെരിയാർ കറുപ്പു പാലം സ്വദേശികളായ പുഞ്ചപ്പറമ്പിൽ പി.വി.സുരേഷ്, കടശ്ശിക്കാട് രാജൻ, പ്ലാവന കുഴിയിൽ ബിജു, ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തിലെ അയ്യപ്പൻ, പാലയ്ക്ക തൊടിയിൽ ഖാദർ. എം. കൊച്ചുപുരയ്ക്കൽ സുരേഷ് എന്നിവരാണ് ചന്ദനം കടത്തുന്നതിനിടെ വനം വകുപ്പിന്റെ പിടിയിലായത്. കുമളിക്ക് സമീപം വെള്ളാരംകുന്ന് ഡൈമുക്കിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിത്തിൽ നിന്നാണ് ചന്ദന മരങ്ങൾ വെട്ടിയത്. വ്യാഴാഴ്ച്ച വെളുപ്പിനെ മൂന്ന് മണിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് വണ്ടിപ്പെരിയാർ കക്കി കവലയിൽ വച്ച് പ്രതികൾ പിടിയിലാകുന്നത്.

വനം വകുപ്പിന്റെ വാഹന പരിശോധനയ്ക്കിടെ വാഹനത്തിലുണ്ടായിരുന്ന പ്രതികളിൽ രണ്ട് പേർ  ഇറങ്ങി ഓടി. തുടർന്ന് വാഹനം പരിശോധിച്ചപ്പോൾ ഓട്ടോയിൽ നിന്ന് നാല് കഷണം ചന്ദന തടികൾ, ഇവ വെട്ടാൻ ഉപയോഗിച്ച ആയുധങ്ങൾ എന്നിവ കണ്ടെടുത്തു. 74 കിലോ ചന്ദനമാണ് കണ്ടെടുത്തത്. വാഹനം ഉൾപ്പെടെ ഒരു ലക്ഷത്തി പതിനായിരം രൂപ വിലമതിക്കും എന്നും, മുൻപും ഇവർ ഇത്തരത്തിൽ മോഷണ കേസുകളിൽ പ്രതികളാണ് വനം വകുപ്പ് പറഞ്ഞു.

സംഭവത്തെ പറ്റി കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്. കൂടുതൽ പ്രതികൾ വലയിലാകാനാണ് സൂചന. സ്വകാര്യ വ്യക്തിയുടെ തോട്ടങ്ങളിൽ നിൽക്കുന്ന ചന്ദന മരങ്ങൾ അവർ തന്നെ സംരക്ഷിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.