അഭിമന്യൂ വധം: ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയായി; കേസില്‍ നിര്‍ണായകം

അഭിമന്യൂ വധക്കേസ് പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളില്‍ ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയായി. രണ്ട് ഓട്ടോറിക്ഷകളിലും ഒരു കാറിലുമാണ് പരിശോധന നടന്നത്. ഇവയില്‍ നിന്ന് കിട്ടുന്ന തെളിവുകള്‍ കേസില്‍ നിര്‍ണായകമാകും. എന്നാല്‍ കൊലപാതകം നടന്ന് രണ്ടാഴ്ചക്ക് ശേഷമാണ് പരിശോധന നടക്കുന്നത് എന്ന പോരായ്മയുമുണ്ട്.  

അഭിമന്യൂ കൊല്ലപ്പെട്ട രാത്രി ജോസ് ജംക്‌ഷനില്‍ ഓടിയെത്തിയ നാലംഗസംഘം തന്റെ വാഹനത്തിലാണ് തോപ്പുംപടിയിലേക്ക് ‍രക്ഷപ്പെട്ടതെന്ന് നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. 

ഈ ഓട്ടോറിക്ഷ വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം തെളിവെടുത്തത്. ഇതടക്കം മൂന്ന് വാഹനങ്ങളിലായിരുന്നു ഫൊറന്‍സിക് പരിശോധന. പ്രതികള്‍ നഗരം വിടാന്‍ ഉ‌പയോഗിച്ച മറ്റൊരു ഓട്ടോറിക്ഷ, കാര്‍ എന്നിവയില്‍ നടത്തിയ പരിശോധനയില്‍ വിരലടയാളങ്ങളും രക്തക്കറക്ക് സമാനമായ ചില അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

എന്നാല്‍ സംഭവം നടന്ന് രണ്ടാഴ്ചക്ക് ശേഷം നടത്തുന്ന പരിശോധനയില്‍ കിട്ടുന്ന ഏത് തെളിവും കേസുമായി ബന്ധപ്പെട്ടതാണെന്ന് ഉറപ്പിക്കുക ശ്രമകരമാകും. സംഭവത്തിന് ശേഷം ഇതുവരെയും പതിവുപോലെ നിരത്തിലോടിയ ഓട്ടോറിക്ഷയില്‍ ധാരാളം പേര്‍ കയറിയിറങ്ങി എന്നതാണ് കാരണം. വിലപ്പെട്ട തെളിവുകള്‍ നഷ്ടപ്പെട്ടിരിക്കാനും സാധ്യതയുണ്ട്.