മഹാരാജാസ് കോളജിലെ മരംമുറി; ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി

എറണാകുളം മഹാരാജാസ് കോളജിലെ മരങ്ങള്‍ മുറിച്ച് കടത്തിയ സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. അന്വേഷണവിധേയമായി അവധിയില്‍ പ്രവേശിച്ച പ്രിന്‍സിപ്പലില്‍ നിന്നടക്കം അന്വേഷണ സമിതി മൊഴിയെടുത്തു. മുറിച്ച മരങ്ങള്‍ ലേലം ചെയ്തിട്ടില്ലെന്ന് തെളിഞ്ഞതോടെ അനധികൃതമായാണ് മരങ്ങള്‍ കൊണ്ടുപോയതെന്ന് വ്യക്തമായി. 

കോളജ് വിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ എം ജ്യോതിരാജിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയാണ് മരം മുറിച്ച് കടത്തിയതിനെ കുറിച്ച് അന്വേഷണം നടത്തുന്നത്. പ്രിന്‍സിപ്പല്‍, ഗവേണിങ് കൗണ്‍സില്‍ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്ന് അന്വേഷണ സമിതി മൊഴിയെടുത്തത്. തന്‍റെ അറിവോടെയല്ല മരങ്ങള്‍ കടത്തിയതെന്ന് പ്രിന്‍സിപ്പല്‍ അന്വേഷണ സമിതിയെ അറിയിച്ചു. എന്നാല്‍ ഗവേണിങ് കൗണ്‍സില്‍ അംഗങ്ങള്‍ പ്രിന്‍സിപ്പലിനെതിരെ നിലപാടെടുത്തു. പ്രിന്‍സിപ്പലിന്‍റെ അനുമതിയില്ലാതെ നഗരമധ്യത്തിലുള്ള കോളജ് ക്യാംപസില്‍ നിന്ന് എങ്ങനെ മരങ്ങള്‍ മുറിച്ചു കടത്തുമെന്നായിരുന്നു ഇവരുടെ ചോദ്യം

ക്യാംപസിനോട് ചേര്‍ന്നുള്ള വാട്ടര്‍ അതോറിറ്റി ഓഫീസിന് മുകളിലേക്ക് ചാഞ്ഞ രണ്ട് മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കിയത്. ഈ മരങ്ങള്‍ മുറിക്കുന്നതിന്‍റെ ചെലവ് വഹിച്ചതും വാട്ടര്‍ അതോറിറ്റിയാണ്. ഈ മരങ്ങള്‍ ആര്‍ക്കും ലേലം ചെയ്ത് നല്‍കിയിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി. വാട്ടര്‍ അതോറിറ്റി ഓഫീസിന് മുകളിലേക്ക് ചാഞ്ഞ മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ അനുമതിയുടെ മറവിലാണ് കൂടുതല്‍ മരങ്ങള്‍ മുറിച്ച് മാറ്റിയത്. അനധികൃത മരം കടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രിന്‍സിപ്പല്‍ ഡോ.ജോര്‍ജ് മാത്യുവിനോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു