മരിച്ചാലും വിടില്ല; കുടുംബത്തിന് ഗുണ്ടകളുടെ ഭീഷണി

കോയമ്പത്തൂര്‍ ജയിലില്‍ മരിച്ച മലയാളി യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വാങ്ങാന്‍ തമിഴ്നാട്ടില്‍ കാലുകുത്തരുതെന്ന് കുഴല്‍പണ ഗുണ്ടകളുടെ ഭീഷണി. തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശിയായ യോഗേഷിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു വാങ്ങാന്‍ ഒരു മാസമായി കഴിഞ്ഞിട്ടില്ല. വധഭീഷണിയുടെ ഓഡിയോ മനോരമ ന്യൂസിന് ലഭിച്ചു. 

കുഴല്‍പണം നഷ്ടപ്പെട്ടാല്‍ അതു കണ്ടെത്താന്‍ കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന ഗുണ്ടകളുണ്ട്. അത്തരത്തിലുള്ള ഗുണ്ടകളുടേതാണ് ഈ ഭീഷണി. കുഴല്‍പണം കവര്‍ന്ന സംഘത്തില്‍ യോഗേഷുണ്ടെന്ന് സംശയിച്ചാണ് ഗുണ്ടാസംഘവും പൊലീസും പിടിച്ചുക്കൊണ്ടു പോകുന്നത്. രഹസ്യകേന്ദ്രത്തില്‍ ക്രൂരമായ മര്‍ദ്ദനത്തിനു ശേഷം കോയമ്പത്തൂര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

യോഗേഷിനെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണിത്. തമിഴ്നാട് പൊലീസിനൊപ്പമുള്ള രണ്ടു പേര്‍ യോഗേഷിനെ ക്രൂരമായ മര്‍ദ്ദിച്ച സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. യോഗേഷ് മരിച്ച ശേഷവും ആക്രമണവും ഭീഷണിയും തുടരുകയാണ്. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. പൊലീസിന് എതിരെ അന്വേഷണം വരാതിരിക്കാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വാങ്ങുന്നത് തടയാനാണ് അടുത്ത ശ്രമം.

മകനെ കൊന്നവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതു വരെ നിയമപോരാട്ടം തുടരുമെന്ന് അമ്മ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദ്ദനേറ്റതിന്റെ വിശദംശങ്ങള്‍ ഉണ്ടെന്നാണ് സൂചന. ഇതു വാങ്ങി, കൂടുതല്‍ നടപടിക്രമങ്ങളിലേക്ക് പോയാല്‍ തമിഴ്നാട് പൊലീസ് കുടുങ്ങും. ഒപ്പം, യോഗേഷിനെ മര്‍ദ്ദിച്ച ഗുണ്ടകളും. ഇതൊഴിവാക്കാന്‍ ഭീഷണി തുടരുകയാണ്.