മജിസ്ട്രേറ്റ് നോക്കിനില്‍ക്കെ എസ്.ഐയ്ക്ക് അഭിഭാഷകരുടെ മര്‍ദനം

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി വളപ്പില്‍ മജിസ്ട്രേറ്റ് നോക്കിനില്‍ക്കെ എസ്.ഐയ്ക്ക് അഭിഭാഷകരുടെ മര്‍ദനം. വിഴിഞ്ഞം എസ്.ഐ അശോക് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപിച്ച് വാഹനമോടിച്ച അഭിഭാഷകനെതിരെ കേസെടുത്തതിന്റെ വൈരാഗ്യത്തിലാണ് മര്‍ദനമെന്ന് എസ്.ഐ ആരോപിച്ചു. അഭിഭാഷകന്‍ വള്ളക്കടവ് മുരളിയടക്കമുള്ളവര്‍ക്കെതിരെ പൊലീസ്  കേസെടുത്തു...

ഔദ്യോഗിക ആവശ്യത്തിനായി വഞ്ചിയൂര്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയ അശോക് കുമാറിനെ ആദ്യം ഏതാനും അഭിഭാഷകര്‍ ചേര്‍ന്ന് തടഞ്ഞ് വച്ച് ചീത്തവിളിച്ചു. ഇതോടെ പ്രശ്നത്തിലിടപെട്ട മജിസ്ട്രേറ്റ് എസ്.ഐയെ സ്വന്തം കാറില്‍ കയറ്റി കോടതിവളപ്പിന് പുറത്തെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കാര്‍ തടഞ്ഞ് മര്‍ദിച്ചെന്നാണ് പരാതി.

മര്‍ദനത്തിന് നേതൃത്വം നല്‍കിയ വള്ളക്കടവ് മുരളി എന്ന അഭിഭാഷകന്‍ മദ്യപിച്ച് കാറോടിച്ചതിന് നേരത്തെ കേസെടുത്തിരുന്നു. ഈ വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്നാണ് ആരോപണം. വഞ്ചിയൂരില്‍ നിന്ന് പൊലീസ് സംഘമെത്തിയാണ് എസ്.ഐയെ കോടതിവളപ്പിന് പുറത്തെത്തിച്ചത്. പ്രശ്നപരിഹാരത്തിനായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ ജില്ലാ ജ‍ഡ്ജിയുമായി ചര്‍ച്ചനടത്തി.