ട്രെയിൻ വഴി മദ്യകടത്ത്; 32 ലിറ്റർ വിദേശമദ്യം പിടികൂടി

സംസ്ഥാനത്ത് ട്രെയിന്‍ വഴിയുള്ള ലഹരികടത്ത് വ്യാപകമാകുന്നു. പാസഞ്ചര്‍ ട്രെയിനില്‍ ഒളിപ്പിച്ച് കടത്തിയ മുപ്പതിരണ്ട് ലിറ്റര്‍ വിദേശമദ്യം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പിടികൂടി. റെയില്‍വേ സംരക്ഷണ സേന നടത്തിയ പരിശോധനയിലാണ് ട്രെയിനിനുള്ളില്‍ നിന്ന് വിദേശമദ്യം അടങ്ങിയ മൂന്ന് പെട്ടികള്‍ കണ്ടെത്തിയത്.  

അവധിക്കാലത്ത് ട്രെയിന്‍ വഴിയുള്ള ലഹരിക്കടത്ത് വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ റെയില്‍വെ സംരക്ഷണ സേന പരിശോധന കര്‍ശനമാക്കി. രാവിലെ എറണാകുളത്തു നിന്ന് കോട്ടയതെത്തിയ പാസഞ്ചര്‍ ട്രെയിനില്‍ പരിശോധന നടത്തുന്നതിനിടെയാണ് വിദേശമദ്യം കണ്ടെത്തിയത്. കംപാര്‍ട്ട്മെന്‍റുകളിലൊന്നില്‍ സീറ്റിനടിയില്‍ മൂന്ന് പെട്ടികളിലായിരുന്നു മദ്യകുപ്പികള്‍. മുക്കാല്‍ ലിറ്റര്‍ വീതമുള്ള 41 കുപ്പികളാണ് പെട്ടികളില്‍ ഉണ്ടായിരുന്നത്. നാല് ടിന്‍ ബീര്‍ കണ്ടെത്തി. എന്നാല്‍ കുപ്പികളുടെ അവകാശിയെ കണ്ടെത്താനായില്ല. പോണ്ടിച്ചേരിയില്‍ നിര്‍മിച്ച വിദേശമദ്യമാണിതെന്ന് പരിശോധനയില്‍ വ്യക്തമായി. 

റെയില്‍വേ സംരക്ഷണ സേന പിടികൂടിയ മദ്യകുപ്പികള്‍ റെയില്‍വേ പൊലീസിന് കൈമാറി. മാസങ്ങള്‍ക്ക് മുന്‍പും കോട്ടയത്ത് ട്രെയിനില്‍ നിന്ന് വിദേശമദ്യം പിടികൂടിയിരുന്നു. ഒഡീഷയില്‍ നിന്നും ആന്ദ്രയില്‍ നിന്നും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്കുക്കള്‍ കേരളത്തിലെത്തുന്നത് ട്രെയിന്‍ മുഖേനയാണ്. ആലുവയിലും കോട്ടയത്തും എത്തിക്കുന്ന കഞ്ചാവ് പിന്നീട് ഏജന്‍റുകള്‍ വഴി മറ്റു ജില്ലകളിലേക്ക് കടത്തുകയാണ് പതിവ്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 25 കിലോ കഞ്ചാവാണ് കഴിഞ്ഞ ആഴ്ച പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ തന്നെയാണ് ആര്‍പിഎഫിന്‍റെ തീരുമാനം.