അമരവിളയില്‍ ആയിരം കിലോ പുകയില ഉൽപന്നങ്ങള്‍ പിടികൂടി

തിരുവനന്തപുരം അമരവിളയില്‍ ആയിരം കിലോ  നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടിച്ചെടുത്തു. രണ്ട് തമിഴ്നാട് സ്വദേശികളെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ലോറിയില്‍ പച്ചക്കറികള്‍ക്കടിയില്‍ ഒളിപ്പിച്ചാണ് പാന്‍ ഉല്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. 

ഇന്ന് പുലര്‍ച്ചെ അമരവിള എക്സൈസ് റേഞ്ച് സംഘം ഉദയന്‍കുളങ്ങരയില്‍ പരിശോധന നടത്തുന്നതിനിടെയാണ് പാന്‍ ഉൽപന്നങ്ങള്‍  പിടിച്ചെടുത്തത്. പച്ചക്കറി കയറ്റി വന്ന ലോറി ഉദ്യോഗസ്ഥര്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയി. എക്സൈസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് തിരുനെല്‍വേലി സ്വദേശികളായ രവി, മാരിയപ്പന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. മിനിലോറിയുടെ പ്ലാറ്റ്ഫോമില്‍ പുകയില ഉൽപന്നങ്ങള്‍ അടുക്കിയശേഷം പുറമേ പച്ചക്കറി നിറയ്ക്കുകയായിരുന്നു.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വിതരണത്തിനെത്തിച്ചതാണ് നിരോധിത ഉല്പന്നങ്ങളെന്നാണ് സൂചന. പിടികൂടിയ പ്രതികളേയും ഉല്പന്നങ്ങളും പാറശാല പൊലീസിനു കൈമാറി.