സൂറത്തിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മൃതദേഹം ആന്ധ്ര ദമ്പതികളുടെ മകൾ

Representative image

ശരീരത്തിൽ 86മുറിവുകളുമായി സൂറത്തിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മൃതദേഹം ആന്ധ്രസ്വദേശികളായ ദമ്പതികളുടെ മകളെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കൾ സൂറത്തിൽ എത്തി  മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും ഡിഎൻഎ പരിശോധനക്ക് ശേഷമേ മൃതദേഹം വിട്ടുനൽകൂ. അതേസമയം, പീഡനത്തിനും കൊലപാതകത്തിനും പിന്നിൽ ആരാണെന്നു ഇതുവരെ കണ്ടെത്താനായിട്ടില്ല. 

പൊലീസ് പുറത്തുവിട്ട  വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ആന്ധ്രപ്രാദേശിൽ നിന്നു  സൂറത്തിൽ നേരിട്ടെത്തിയ മാതാപിതാക്കൾ കുട്ടിയുടെ മൃതദേഹം കണ്ടശേഷമാണ്, മരിച്ചത് തങ്ങളുടെ മകളാണെന്ന് അവകാശപ്പെട്ടത്. തെളിവായി കുട്ടിയുടെ ആധാർകാർഡും പോലീസിന് കൈമാറി. കുട്ടിയെ കാണാതായതായി കാട്ടി ആറുമാസം മുൻപ് മാതാപിതാക്കൾ പരാതി നൽകിയിരുന്നു.  പ്രാഥമികമായി സ്ഥിരീകരണമായെങ്കിലും, മൃതദേഹം വിട്ടുനൽകാൻ ഡിഎൻഎ പരിശോധനകൂടി ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.  

എന്നാൽ, ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്താനായിട്ടില്ല. പിന്നിൽ, കുട്ടികളെ  തട്ടിക്കൊണ്ടുപോകുന്ന സംഘമാണോയെന്ന് സംശയമുണ്ട്. കഴിഞ്ഞ ആറാം തിയതിയാണ് സൂറത്തിലെ ബെസ്‌താനിയിൽ ക്രിക്കറ്റ് മൈതാനത്തിനു സമീപത്തുനിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകംനടക്കുന്നതിനു മുൻപ് ഒരാഴ്ചയെങ്കിലും കുട്ടി പീഡിപ്പിക്കപ്പെട്ടിട്ട് ഉണ്ടാകാമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്. അതേസമയം, പെൺകുട്ടിയുടെ ദുരൂഹമരണത്തിൽ എബിവിപി നേതാവ് ഹരീഷ് താക്കൂറിനു പങ്കുണ്ടെന്ന് ആരോപിച്ച മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. സമൂഹത്തിൽ തെറ്റിദ്ധാരണ പടർത്തി സ്പർദ്ധവളർത്താൻ ശ്രമിച്ചതിനാണ് കേസ്.