കൊള്ളപ്പലിശ സംഘത്തിന്റെ മുഖ്യ ഇടനിലക്കാര്‍ പിടിയിൽ

തമിഴ്നാട്ടില്‍ നിന്നുള്ള കൊള്ളപ്പലിശ സംഘത്തിന്റെ കേരളത്തിലെ മുഖ്യ ഇടനിലക്കാര്‍ പിടിയില്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാലു പേരെയാണ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കൊള്ളപ്പലിശ സംഘത്തിന്റെ തലവനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. 

കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന തമിഴ്നാട്ടില്‍ നിന്നുള്ള കൊള്ളപ്പലിശ സംഘത്തെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. സിത്തരസ്, രാജ് കുമാർ, ഇസക്ക് മുത്ത് ഇടനിലക്കാരനായ കോട്ടയം സ്വദേശി ബാബു എന്നിവരാണ് അറസ്റ്റിലായത്. ചെക്കുകളും മുദ്രപത്രങ്ങളും അടക്കമുള്ള രേഖകളും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊള്ളപ്പലിശ സംഘത്തിന്റെ മുഖ്യ ഇടനിലക്കാരായ ആലപ്പുഴ സ്വദേശി ദിലീപ് കുമാര്‍,കോട്ടയത്തുകാരായ കുഞ്ഞുമോന്‍,അരുണ്‍കുമാര്‍,അനു.പി.ജോണ്‍ എന്നിവരെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.  

തമിഴ്നാട്ടില്‍ നിന്നുള്ള സംഘം ‌ ഇരുനൂറ് കോടിയോളം രൂപ കേരളത്തിൽ മാത്രം പലിശയ്ക്ക് നൽകിയിട്ടുണ്ടെന്നാണ് നിഗമനം. ഒരു കോടി രൂപയ്ക്ക് ഇരുപത് ലക്ഷം രൂപ വരെ പ്രതിമാസം പലിശയായി വാങ്ങിയിരുന്നു. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മഹാരാജനാണ് സംഘത്തലവന്‍.