തൃശൂരില്‍ വീണ്ടും എല്‍.എസ്.ഡി. ലഹരി സ്റ്റാംപുകള്‍ പിടികൂടി

തൃശൂരില്‍ വീണ്ടും എല്‍.എസ്.ഡി. ലഹരി സ്റ്റാംപുകള്‍ പിടികൂടി. പത്തു ലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായാണ് യുവാവിനെ എക്സൈസ് പിടികൂടിയത്. 

പതിനേഴ് എല്‍.എസ്.ഡി സ്റ്റാംപുകവ്‍ , 980 മില്ലിഗ്രാം എം.ഡി.എം.എ ക്രിസ്റ്റലുകള്‍ , കഞ്ചാവ് തുടങ്ങി നിരവധി ലഹരി വസ്തുക്കളുമായാണ് പൂത്തോള്‍ സ്വദേശി ടി.വി.ആകാശ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നാണ് ഇവ എത്തിച്ചതെന്ന് ആകാശ് മൊഴി നല്‍കി. ന്യൂ ഇയര്‍ പാര്‍ട്ടിക്കു വേണ്ടി കൊണ്ടുവന്നതാണെന്ന് പറയുന്നു. ഓര്‍ഡര്‍ പ്രകാരം കൂടുതല്‍ ലഹരിമരുന്നുകള്‍ വാങ്ങാന്‍ ബാംഗ്ലൂരിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് എക്സൈസിന്റെ പിടിയിലായത്. മൂന്നു കൂട്ടുപ്രതികളെക്കുറിച്ച് എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരം ലഹരിമരുന്നുകള്‍ കഴിച്ചാല്‍ ആറു മുതല്‍ പത്തു മണിക്കൂര്‍ വരെ ലഹരി നിലനില്‍ക്കുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്ഥിരമായി ഇത്തരം ലഹരി ഉപയോഗിക്കുന്നവര്‍ വിഷാദരോഗം ഉള്‍പ്പെടെ പലതരത്തിലുള്ള അസുഖങ്ങള്‍ ബാധിച്ചവരാണ്. 

ഇതു രണ്ടാംതവണയാണ് എല്‍.എസ്.ഡി സ്റ്റാംപുകള്‍ വലിയ അളവില്‍ തൃശൂരില്‍ പിടികൂടുന്നത്. ന്യൂ ഇയര്‍ പ്രമാണിച്ച് പലതരം ലഹരിപാര്‍ട്ടികള്‍ അണിയറയില്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ ലഹരിക്കടത്ത് കേരളത്തിലേക്കുണ്ടെന്നാണ് സൂചന.